റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; മോഷ്ടിക്കപ്പെട്ടതെങ്കിലും രേഖകള്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. പ്രതിരോധ വകുപ്പിന്റെ രഹസ്യരേഖകളെന്ന വാദം സുപ്രീംകോടതി തള്ളി. പുതിയ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെങ്കിലും പരിശോധിക്കും. സിബിഐ അന്വേഷണം തള്ളിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സേന്ദ്രസര്‍ക്കാരിന് കനത്തതിരിച്ചടിയായി സുപ്രീംകോടതിയുടെ ഉത്തരവ് വന്നരിക്കുന്നത്. നേരത്തേ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത് പുതിയ ഒരു രേഖകളും പരിശോധിക്കരുത് എന്നായിരുന്നു. രേഖകള്‍ ഹര്‍ജിക്കാര്‍ നിയമ വിരുദ്ധമായി കൈക്കലാക്കിയതാണെന്നും അതിന്റെ പകര്‍പ്പാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അത്തരത്തില്‍ മോഷ്ടിച്ച രേഖകള്‍ പരിശോധിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമെന്നായിരുന്നു എ ജി കെ കെ വേണുഗോപാല്‍ ശക്തമായി വാദിച്ചത്. ആ വാദങ്ങളെ പൂര്‍ണ്ണമായും തള്ളുന്നതായിരുന്നു സുപ്രീംകോടതിയുടെ ഇന്നത്തെ വിധി. പുതിയ രേഖകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. മൂന്നംഗബെഞ്ച് ഐകകണ്ഠനയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ വിശദമായ വാദം പീന്നീട് കേള്‍ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top