തിരുവനന്തപുരത്തെ വിവാദം മാധ്യമസൃഷ്ടിയെന്ന് ഉമ്മന്‍ചാണ്ടി; പ്രചരണം അടിസ്ഥാനരഹിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുതിര്‍ന്ന നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടുനില്‍ക്കുന്നുവെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവന്നുവെന്ന വാര്‍ത്ത ഇന്നലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍, കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍, വടകരയിലെ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ഉള്‍പ്പെടെ പരാതി ഉന്നയിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആ വാര്‍ത്തകളെ അപ്പാടെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും.
തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ വീഴ്ചയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ശശി തരൂര്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. അദ്ദേഹം പൂര്‍ണ തൃപ്തനാണ്. അവിടെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. തരൂരിന്റെ വിജയം 100 ശതമാനം ഉറപ്പ് വരുത്തി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഫലം വരുമ്പോള്‍ നിങ്ങള്‍ക്കത് കാണാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തിരുവനന്തപുരത്ത് ശശി തരൂരിന് ഒരു തരത്തിലുമുള്ള ഭീഷണിയുമില്ല. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ അവിടെ ജയിക്കും. കോഴിക്കോട് ചിട്ടയായ പ്രവര്‍ത്തനം നടത്തിയ ശേഷമാണ് വയനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണയമുണ്ടായത്. ഏതെങ്കിലും തരത്തില്‍ സ്ഥാനാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ശശിതരൂരിന്റെ പ്രചാരണത്തില്‍ അപാകത ഉള്ളതായ പ്രചാരണം അടിസ്ഥാനരഹിതമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ശശി തരൂരുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഇത്തരത്തിലൊരു പരാതി ഉന്നയിച്ചിട്ടില്ല. ചെറിയ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടാകാം. ഇത്തരം തെറ്റുകള്‍ തിരുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഇന്നലെ പുറത്തുവന്ന വാര്‍ത്ത.
നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍, കോഴിക്കോട് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍, പാലക്കാട് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍, വടകരയിലെ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പ് നേതാക്കളും പ്രചാരണത്തിന് രംഗത്തിറങ്ങുന്നില്ലെന്നാണ് സ്ഥാനാര്‍ത്ഥികളുടെ പരാതി. ശശി തരൂരിനെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തെ ഐ ഗ്രൂപ്പ് നേതാക്കളോ പ്രവര്‍ത്തകരോ പ്രചാരണത്തിന് രംഗത്തിറങ്ങുന്നില്ല എന്ന പരാതിയാണുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയാണ് പ്രധാനമായും പരാതി ഉയര്‍ന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രഭാവം മറ്റ് മണ്ഡലങ്ങളിലേക്കും അലയടിക്കുമെന്നും അത് എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനിടയാക്കുമെന്നുമാണ് നേതാക്കള്‍ വിലയിരുത്തുന്നത്. എന്നാല്‍ പ്രചാരണം ശക്തമാക്കണമെന്ന അഭിപ്രായമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ളത്. വിഷയത്തില്‍ കെപിസിസി ഇടപെട്ടതായാണ് വിവരം. ശശി തരൂര്‍ പരാജയപ്പെട്ടാല്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്.
നേരത്തേ ഒരോ മണ്ഡലത്തിലേയും തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരുന്ന നേതാക്കന്മാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം മണക്കാട് പ്രദേശത്തിന്റെ ചുമതല നല്‍കിയിരുന്ന, തിരുവനന്തപുരം ഡിസിസി അംഗം കൂടിയായിരുന്ന സതീഷ് ചന്ദ്രന്‍ ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സഹകരിക്കാത്തവര്‍ക്കെതിരെ ഡിസിസിയില്‍ പരാതി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്റ് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ഡിസിസി ഇത് ഗൗരവമായി എടുത്തിട്ടില്ല.
‘പരസ്പരം പഴി ചാരിയും ആഞ്ഞടിച്ചും കളം നിറഞ്ഞ് നേതാക്കള്‍. നേതാക്കളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അടങ്ങുന്ന പുതിയ തെരഞ്ഞെടുപ്പ് പംക്തി–തെരഞ്ഞെടുപ്പ് വാക്ക്‌പോര്‘
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here