തടയണയിലെ വെള്ളം എത്രയും വേഗം ഒഴുക്കി കളയണം; പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വീണ്ടും ഹൈക്കോടതി

p v anvar water theme park (1) pv anwar park attack issue 14 arrested

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വീണ്ടും ഹൈക്കോടതി. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കുന്നത്.

വിവാദ തടയണയിലെ വെള്ളം ഒഴുക്കിക്കളയണമെന്ന് നേരത്തെ നല്‍കിയ നിര്‍ദ്ദേശം പാലിക്കപ്പെടാതിരുന്നതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ച് വെള്ളം ഉടന്‍ ഒഴുക്കണമെന്ന് കോടതി ഉത്തരവിട്ടു. വെള്ളം കെട്ടി നില്‍ക്കുന്നത് പ്രദേശത്തെ ആദിവാസികളുടെ ജീവന് ഭീഷണിയാണ്. തടയണ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയെന്ന് കോടതി ആവര്‍ത്തിച്ചു. കാലവര്‍ഷം ആരംഭിക്കും മുന്‍പ് തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതിയും നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത 22 ന് മുന്‍പ് നടപടിയുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.

അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍മ്മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിര്‍ത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top