ഗെയിൽ 99 നോട്ട് ഔട്ട്; പഞ്ചാബിന് കൂറ്റൻ സ്കോർ

‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിലിൻ്റെ ബാറ്റിംഗ് കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് കൂറ്റൻ സ്കോർ. 99 റൺസെടുത്ത ക്രിസ് ഗെയിലിൻ്റെ സ്പെഷ്യൽ ഇന്നിംഗ്സിൻ്റെ കരുത്തിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 173 റൺസാണ് കിംഗ്സ് ഇലവൻ നേടിയത്.

പതിയെ തുടങ്ങിയ ആർസിബി ഓപ്പണർമാർ ഇന്നിംഗ്സിനു വേഗം നൽകിയത് പവർപ്ലേയിലെ അവസാന ഓവറിലായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ആ ഓവറിൽ 2 സിക്സറും 3 ബൗണ്ടറികളും സഹിതം 24 റൺസെടുത്ത ഗെയിലിൻ്റെ മികവിൽ ആദ്യ പവർ പ്ലേയിൽ 60 റൺസ് പഞ്ചാബ് സ്കോർ ചെയ്തു. യുസ്‌വേന്ദ്ര ചഹാൽ എറിഞ്ഞ അടുത്ത ഓവറിൽ 15 പന്തുകളിൽ 18 റൺസെടുത്ത ലോകേഷ് രാഹുൽ പുറത്തായി.

തുടർന്ന് ക്രീസിലെത്തിയ മയങ്ക് അഗർവാൾ നന്നായി തുടങ്ങിയെങ്കിലും തൻ്റെ അടുത്ത ഓവറിൽ അഗർവാളിനെക്കൂടി പുറത്താക്കിയ ചഹാൽ ആർസിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. ഇതിനിടെ 28 പന്തുകളിൽ നിന്ന് ഗെയിൽ തൻ്റെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. 13 പന്തുകളിൽ 15 റൺസെടുത്ത സർഫറാസ് ഖാനെ മുഹമ്മദ് സിറാജും ഒരു റൺ മാത്രമെടുത്ത സാം കറനെ മൊയീൻ അലിയും പുറത്താക്കിയതോടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കേണ്ട ചുമതല ക്രിസ് ഗെയിലിനായി.

മൻദീപ് സിംഗിനൊപ്പം ആ ചുമതല ഏറ്റെടുത്ത ഗെയിൽ കിംഗ്സ് ഇലവനെ കൂറ്റനടികളിലൂടെ മികച്ച സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ഗെയിലിന് മികച്ച പിന്തുണയാണ് മൻദീപ് നൽകിയത്. ഉമേഷ് യാദവും സിറാജും എറിഞ്ഞ അവസാന രണ്ടോവറിൽ 27 അടിച്ചു കൂട്ടിയ ഇരുവരും 37 പന്തുകളിൽ 60 റൺസും കൂട്ടിച്ചേർത്തു. ഉമേഷ് യാദവിൻ്റെ ഓവറിൽ ക്രിസ് ഗെയിലിൻ്റെ ഈസി ക്യാച്ച് വിട്ടു കളഞ്ഞ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഈ മുറിവിൽ ഉപ്പു പുരട്ടി. ഉമേഷിൻ്റെ 19ആം ഓവറിൽ 16 റൺസും സിറാജിൻ്റെ അവസാന ഓവറിൽ 11 റൺസും കൂട്ടിച്ചേർത്ത ഇരുവരും കിംഗ്സ് ഇലവനെ ശക്തമായ സ്കോറിലെത്തിച്ചു. അവസാന പന്തിൽ ബൗണ്ടറിയോടെ ഇന്നിംഗ്സ് പൂർത്തിയാക്കിയ ഗെയിൽ 64 പന്തുകളിൽ 99 റൺസെടുത്ത് പുറത്താകാതെ നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top