ഡികോക്കും രോഹിതും തിളങ്ങി; രാജസ്ഥാന് 188 റൺസ് വിജയലക്ഷ്യം

ഓപ്പണർമാരായ ക്വിൻ്റൺ ഡികോക്കും രോഹിത് ശർമ്മയും തിളങ്ങിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 188 റൺസ് വിജയലഷ്യം. രോഹിത് ശർമ്മ 47ഉം ഡികോക്ക് 81ഉം റൺസെടുത്ത് പുറത്തായി. 28 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യയാണ് മുംബൈക്കായി തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാൻ. മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആർച്ചറാണ് രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം നടത്തിയത്.
വാംഖഡെയിലെ ബാറ്റിംഗ് പിച്ചിൽ മികച്ച തുടക്കമാണ് ഓപ്പണർമാർ മുംബൈക്ക് നൽകിയത്. പവർ പ്ലേയിൽ 57 റൺസ് കൂട്ടിച്ചേർത്ത ഇരുവരും 96 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. 12ആമത്തെ ഓവറിൽ ജോഫ്ര ആർച്ചറെ ഉയർത്തിയടിക്കാനുള്ള ശ്രമം ലോങ്ങ് ഓണിൽ ബട്ലറുടെ കയ്യിലൊതുങ്ങുമ്പോൾ 32 പന്തുകളിൽ നിന്നും 47 റൺസ് രോഹിത് സ്കോർ ചെയ്തിരുന്നു. ആറു ബൗണ്ടറികളും ഒരു സിക്സറും സഹിതമായിരുന്നു രോഹിതിൻ്റെ ഇന്നിംഗ്സ്.
തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ട മുംബൈക്ക് മധ്യ ഓവറുകളിൽ സ്കോർ ഉയർത്താൻ സാധിച്ചില്ല. 52 പന്തുകളിൽ ആറു ബൗണ്ടറികളും 4 സിക്സറുകളും സഹിതം 81 റൺസെടുത്ത ഡികോക്ക് ഒരു വശത്ത് സ്കോറിംഗ് ഉയർത്തിയെങ്കിലും മറ്റുള്ളവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 19ആം ഓവറിൽ ജോഫ്ര ആർച്ചറാണ് ഡികോക്കിനെ പുറത്താക്കിയത്.
10 പന്തുകളിൽ 16 റൺസെടുത്ത സൂര്യകുമാർ യാദവ്, 12 പന്തുകളിൽ 6 റൺസെടുത്ത കീറോൺ പൊള്ളാർഡ്, 3 പന്തുകളിൽ 5 റൺസെടുത്ത ഇഷൻ കിഷൻ എന്നിവർ കാര്യമായ സംഭാവന നൽകിയില്ലെങ്കിലും സ്ലോഗ് ഓവറുകളിൽ ഹർദ്ദിക്കിൻ്റെ കൂറ്റനടികൾ മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചു. 11 പന്തുകളിൽ ഒരു ബൗണ്ടറിയും 3 സിക്സറുകളുമടക്കം 28 റൺസെടുത്ത ഹർദ്ദിക്കാണ് മുംബൈക്ക് നല്ല സ്കോർ സമ്മാനിച്ചത്.
4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയ ശ്രേയാസ് ഗോപാൽ മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. ജോഫ്ര ആർച്ചർ 3 വിക്കറ്റെടുത്തുവെങ്കിലും 39 റൺസ് വഴങ്ങിയിരുന്നു. ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ധവാൽ കുൽക്കർണി, ജയദേവ് ഉനദ്കട്ട് എന്നിവരാണ് രാജസ്ഥാൻ്റെ മറ്റു വിക്കറ്റ് വേട്ടക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here