ടിക്കറാം മീണ ചെയ്യുന്നത് എകെജി സെന്ററിന്റെ ജോലി; തെരഞ്ഞെടുപ്പ് വേദികളില്‍ അയ്യപ്പന്റെ പേര് പറയുമെന്ന് ശോഭ സുരേന്ദ്രന്‍

സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെയും എകെജി സെന്ററിന്റേയും ജോലിയാണ് എടുക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

എന്‍ഡിഎ അത് അനുവദിക്കില്ല. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കാനും ശോഭ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. അതേസമയം അയ്യന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ദൈവത്തിന്റെ പേരില്‍ ആരു തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയാലും നടപടിയെടുക്കുമെന്ന് ആവര്‍ത്തിച്ച് ടിക്കാറാം മീണ ഇന്നും രംഗത്തെത്തിയിരുന്നു. ശബരിമലയിലെ വിഷയങ്ങള്‍ പ്രചരണ വിഷയമാക്കരുതെന്നു പറഞ്ഞിട്ടില്ല. അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ടു പിടിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. കര്‍മ്മസമിതിയുടെ പ്രചരണ ബോര്‍ഡുകള്‍ മാറ്റുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം. തനിക്കെതിരെ ആരു പരാതിപ്പെട്ടാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ട്വന്റി ഫോറിനോടു വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top