മൊറട്ടോറിയം: സംസ്ഥാന സർക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

കർഷക വായ്പക്കുളള മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിന് സംസ്ഥാനം നൽകിയ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ. സംസ്ഥാനത്തിന്റെ വിശദീകരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉടൻ കൈമാറില്ലെന്നും മൊറട്ടോറിയം നടപ്പാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമായിരിക്കും തീരുമാനമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.
മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടുന്നതിനുളള സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആരാഞ്ഞിരുന്നു. നിലവിലെ മൊറട്ടോറിയം ഒക്ടോബർ 11 വരെ നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി കാലാവധി നീട്ടേണ്ടതിന്റെ ആവശ്യകതയെന്തെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യം.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുളള നടപടിയാണോ സംസ്ഥാനത്തിന്റേതെന്ന സംശയവും കമ്മീഷനുണ്ടായിരുന്നു. എന്നാൽ ഇതിന് സർക്കാർ നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുന്നത്. പഴയ മറുപടികൾ ആവർത്തിക്കുന്നതാണ് സംസ്ഥാനത്തിന്റെ വിശദീകരണമെന്നും ഇത് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാവില്ലെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here