ഗെയിം ഓഫ് ത്രോൺസ് അവസാന സീസൺ; പ്രീമിയറിന് ഇനി ഒരു നാൾ

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ടെലിവിഷൻ സീരീസായ ഗെയിം ഓഫ് ത്രോൺസിൻ്റെ അവസാന സീസൺ പ്രീമിയർ നാളെ മുതൽ സംപ്രേഷണം ആരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഗെയിം ഓഫ് ത്രോൺസ് അവസാന സീസൺ ആരാധകരിലേക്കെത്തുന്നത്.

അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ ആസ്പദമാക്കി എച്ച് ബി ഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ഡേവിഡ് ബെനിയോഫ്, ഡിബി വെയ്‌സ് എന്നിവർ ചേർന്നാണ് പരമ്പരക്ക് രൂപം നൽകിയത്. 2011 ഏപ്രിൽ 17 ന് പ്രദർശനമാരംഭിച്ച ഗെയിം ഓഫ് ത്രോൺസ് മേക്കിംഗും കഥാകഥന രീതിയും കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അതേ സമയം, നഗ്നതയുടെയും ലൈംഗികതയുടെയും അക്രമത്തിൻ്റെയും അതിപ്രസരം ചെറുതല്ലാത്ത വിമർശനങ്ങളും വിളിച്ചു വരുത്തിയിട്ടുണ്ട്.

ഇതു വരെ 38 പ്രൈം ടൈം എമ്മി അവാർഡുകൾ കരസ്ഥമാക്കിയ ഈ ടെലിവിഷൻ സീരീസ് ആകെ 308 പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. ലോകത്ത് ഏറ്റവുമധികം അവാർഡുകൾ നേടിയ ടെലിവിഷൻ സീരീസ് കൂടിയാണ് ജിഓടി എന്നറിയപ്പെടുന്ന ഗെയിം ഓഫ് ത്രോൺസ്. ഏഴ് സീസണുകളിലായി ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയ ടിവി സീരിയാണ് ജിഒടി. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സീരിസും ഇതാണ്. ഏതാണ്ട് 1000 കോടിയില്‍ ഏറെയാണ് ഇതിന്‍റെ ഇതുവരെയുള്ള നിര്‍മ്മാണ ചിലവ് എന്നാണ് എകദേശ കണക്ക്.

നാളെ പുലർച്ചെ 6.30 മുതലാണ് പരമ്പരയുടെ ലൈവ് സ്ട്രീം ആരംഭിക്കുക. ഇന്ത്യക്കാർക്ക്​ സീരീസിൻെറ അവസാന അധ്യായം കാണാൻ ഇന്ത്യയിൽ ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ അത്​ എന്നാണെന്ന വിവരം​ ഇപ്പോൾ പുറത്തുവന്നിട്ടില്ല. അതേ സമയം, ഹോട്ട്സ്റ്റാറിൻ്റെ ഒരുവർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ എടുത്താൽ അമേരിക്കക്കാർക്കൊപ്പം തന്നെ ഇന്ത്യക്കാർക്കും ഗെയിം ഓഫ്​ ത്രോൺസ്​ അവസാന സീസൺ ആദ്യ എപിസോഡ്​ മുതൽ കണ്ട്​ തുടങ്ങാം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top