ഈ തെരഞ്ഞെടുപ്പോടെ എസ്പി-ബിഎസ്പി പാർട്ടികളുടെ അന്ത്യം കുറിക്കപ്പെടുമെന്ന് മോദി

ഉത്തർപ്രദേശിലെ എസ്പി-ബിഎസ്പി കൂട്ടുകെട്ടിനു നേരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിയുടെ അടിസ്ഥാനത്തിലാണ് ഈ പാർട്ടികൾ പ്രവർത്തിക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പോടെ ഇരുപാർട്ടികളുടെയും അന്ത്യം കുറിക്കപ്പെടുമെന്നും അലിഗഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
“ജാതി രാഷ്ട്രീയത്തോട് 2014ൽ തന്നെ വോട്ടർമാർ എതിർപ്പ് പ്രകടിപ്പിച്ചതാണ്. ജനങ്ങൾക്കു വികസനമാണ് വേണ്ടത്. 2017ലും ജനങ്ങൾ അതേ സന്ദേശം നൽകി. എന്നാൽ അവർ ഇത് സ്വീകരിച്ചില്ല. ഇപ്പോൾ അവർ അലിഗഡിൽനിന്ന് കട പൂട്ടുന്നതിനുള്ള താഴുകൾ വാങ്ങാൻ നിർബന്ധിതരായിരിക്കുന്നു”- മോദി പറഞ്ഞു.
പടിഞ്ഞാറൻ ഉത്തർപ്രദേശ് കത്തുകയാണെന്നും ഇവിടെ നിരപരാധികളെ ക്രിമിനലുകൾ ലക്ഷ്യമിടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. മുസഫർനഗർ കലാപത്തിലെ ക്രിമിനലുകളെ ആരാണു രക്ഷിച്ചത്. ഇത്തരം രാഷ്ട്രീയക്കാരെകൊണ്ടു ഗുണമില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും മോദി പറഞ്ഞു. എസ്പിയും ബിഎസ്പിയുമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണക്കാരെന്നും മോദി കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here