ഉച്ചഭാഷിണിയിൽ നിന്നുള്ള നാമജപം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കി; നേതാക്കൾ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിയെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണിയിൽ നിന്നുയർന്ന നാമജപം അസ്വസ്ഥനാക്കി. തുടർന്ന് നേതാക്കൾ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. കാട്ടാക്കടയിലായിരുന്നു സംഭവം. ആറ്റിങ്ങലിലെ ഇടതു സ്ഥാനാർഥി എ സമ്പത്തിന്റെ പ്രചരണാർത്ഥം കാട്ടാക്കടയിലെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തൊട്ടടുത്തുള്ള മുടിപ്പുര ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയിരുന്ന ഉച്ചഭാഷിണിയിൽ നിന്ന് നാമജപം കേൾക്കാൻ തുടങ്ങി. ഇതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി . പ്രസംഗം നിർത്തിയ മുഖ്യമന്ത്രി എന്താണ് കാര്യമെന്ന് അന്വേഷിച്ചു.
മുഖ്യമന്ത്രി അസ്വസ്ഥനായതോടെ നേതാക്കൾ വേദിയിൽ നിന്നിറങ്ങി പോകുകയും ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുമായിരുന്നു. വേദിയിൽ നിന്ന് ഇറങ്ങിവന്ന ഐ ബി സതീഷ് എംഎൽഎ, വി.ശിവൻ കുട്ടി എന്നിവരും പ്രവർത്തകരും ചേർന്നാണ് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ച ട്വന്റി ഫോർ പ്രതിനിധിയെ പാർട്ടി പ്രവർത്തകർ തടയുകയും ചെയ്തു.
തുടർന്ന് പ്രസംഗിച്ച മുഖ്യമന്ത്രി ശബരിമല വിഷയമാണ് ആവർത്തിച്ചത്.കേരളത്തിൽ പറയാതെ കേരളത്തിനു പുറത്തു പോയി പച്ചക്കള്ളം പറയുകയാണ് പ്രധാനമന്ത്രിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിച്ചാൽ ബിജെപിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്യേണ്ട അവസ്ഥയാണ് കോൺഗ്രസിനുളളതെന്നും കോൺഗ്രസും ബിജെപിയും തമ്മിൽ സംസ്ഥാനത്ത് വോട്ട് കച്ചവടത്തിലാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here