തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ . പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കൾ കേരളത്തിലെത്തും.
വോട്ടെടുപ്പ് തീയതി അടുത്തതോടെ കേരളത്തിലേക്ക് ദേശീയ നേതാക്കളുടെ പ്രവാഹമായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാത്രി കേരളത്തിലെത്തും. ശംഖുമുഖത്ത് താമസിക്കുന്ന രാഹുൽ ഗാന്ധി നാളെ രാവിലെ ഹെലികോപ്ടറിൽ പത്തനാപുരത്തേക്ക് പോകും. പതിനൊന്നരക്ക് പത്തനംതിട്ടയിലും 4 മണിക്ക് ആലപ്പുഴയിലും 6 മണിക്ക് തിരുവനന്തപുരത്തുമാണ് രാഹുൽ ഗാന്ധിയുടെ പൊതുയോഗങ്ങൾ . പത്തനംതിട്ടയിലെ യോഗത്തിനു ശേഷം പാലായിൽ കെ എം മാണിയുടെ വസതിയിലും രാഹുൽ ഗാന്ധിയെത്തും. മറ്റന്നാൾ രാവിലെ 7.30 ന് കണ്ണൂരിൽ സമീപ ജില്ലകളിലെ യുഡിഎഫ് നേതാക്കളുമായി ചർച്ച . തുടർന്ന് സുൽത്താൻ ബത്തേരി , തിരുവമ്പാടി, വണ്ടൂർ, തൃത്താല മണ്ഡലങ്ങളിൽ പൊതുയോഗം.
ഇതിനിടെ തിരുനെല്ലി ക്ഷേത്ര സന്ദർശനവും നടത്തും. ബി ജെ പി നേതാവ് നിർമല സീതാരാമൻ ഇന്ന് തിരുവനന്തപുരത്ത് തീരമേഖലയിൽ റോഡ് ഷോ നടത്തുകയും ആറ്റിങ്ങലിൽ പൊതുയോഗത്തിൽ സംസാരിക്കുകയും ചെയ്യും. ബി ജെ പി അധ്യക്ഷൻ അമിത് ഷാ നാളെ വൈകിട്ട് 4.30ന് തൃശൂരിലും ആറരക്ക് ആലുവയിലും പ്രസംഗിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്ത് പ്രചരണ യോഗത്തിൽ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി 20, 21 തീയതികളിൽ വയനാട്ടിലുണ്ടാകുമെന്നാണ് സൂചന. ഗുലാം നബി ആസാദ്, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, നവ് ജ്യോത് സിദ്ധു, ഖുശ്ബു എന്നിവരും വയനാട്ടിൽ പ്രചരണം നടത്തും. സി പി എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പി ബി അംഗം സുഭാഷിണി അലിയും തിരുവനന്തപുരത്ത് സി പി എം പ്രചരണ യോഗങ്ങളിൽ ഇന്ന് പങ്കെടുക്കുന്നുണ്ട്. സീതാറാം യെച്ചൂരിയും സുധാകർ റെഡ്ഡിയും അവസാന ലാപ്പിലും എൽഡിഎഫിന്റെ പ്രചാരണത്തിനെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here