കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം: ശസ്ത്രക്രിയ ഉടനില്ലെന്ന് ഡോക്ടർമാർ

ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. കുഞ്ഞിനെ പ്രവേശിപ്പിച്ച എറണാകുളം അമൃത ആശുപത്രിയിലെ ശിശുരോഗ വിദഗ്ധരുടെ സംഘമാണ് പരിശോധനകൾക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്. ഹൃദയത്തിന് ദ്വാരമുണ്ടെന്നും വാൽവിന് തകരാറുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ ശസ്ത്രക്രിയ നടത്താനാകില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. മറ്റ് അവയവങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. വൈകുന്നേരം 4.30 ഓടെയാണ് കൊച്ചിയിലെ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. കുട്ടിയിപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
ഒരു പകൽ മുഴുവൻ കുഞ്ഞിന്റെ ജീവനായി പ്രാർഥനയോടെ ഏവരും ഒത്തുചേർന്നതിന് പിന്നാലെയാണ് വിഷയത്തിൽ സർക്കാരിന്റെ ഇടപെടലുമുണ്ടായത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ ദമ്പതികളുടെ 15 ദിവസം പ്രായമായ കുഞ്ഞിനാണ് അടിയന്തര ഹൃദയശസ്ത്രക്രിയ വേണ്ടിവന്നത്.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് ആംബുലൻസിൽ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ മാറ്റാൻ പ്രയത്നം തുടങ്ങിയത്. ഏകദേശം 12 മണിക്കൂറോളം സഞ്ചരിച്ച് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്തിരയിൽ എത്തിക്കാനായിരുന്നു ശ്രമം.
ഇതിനായി ചൈൽഡ് പ്രൊട്ടക്റ്റിലെ സന്നദ്ധപ്രവർത്തകർ നവമാധ്യമങ്ങളിലൂടെ പൊതുജനത്തിന്റെ സഹായം അഭ്യർഥിച്ചതോടെയാണ് വിഷയം കേരളം ഏറ്റെടുത്തത്. ഒടുവിൽ അഞ്ചര മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ താണ്ടിയാണ് കുട്ടിയെ കൊച്ചിയിൽ എത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here