കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് നേരെ പ്രദേശവാസികളുടെ പ്രതിഷേധം; വാഹനം തടഞ്ഞു

ബിഹാറിലെ ബഗുസാരായില്‍ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് നേരെ പ്രദേശവാസികളുടെ പ്രതിഷേധം. റോഡ് ഷോ നടത്തുന്നതിനിടെ പ്രദേശവാസികള്‍ കനയ്യകുമാര്‍ സഞ്ചിരിച്ച വാഹനം തടയുകയായിരുന്നു. രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചതുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് നേരെ നേരത്തെയും കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോ ബാക്ക് വിളികളുമായാണ് അന്ന് പ്രതിഷേധക്കാര്‍ കനയ്യകുമാറിനെ നേരിട്ടത്. ലോഹിയ നഗര്‍ കോളനിയില്‍ എത്തിയപ്പോഴായിരുന്നു അന്ന് പ്രതിഷേധം. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ കൊണ്ടെന്നും തന്നെ തടയാനാവില്ലെന്ന് കനയ്യകുമാര്‍ പറഞ്ഞു.
കനയ്യകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ബിഹാറില്‍ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഇക്കുറി ശക്തമായ ത്രികോണമത്സരമാണ് ബഗുസരായില്‍ നടക്കുന്നത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്, ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസ്സന്‍ എന്നിവരാണ് കനയ്യയുടെ എതിരാളികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here