പൊലീസ് നിഷ്‌ക്രിയം; ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍

വര്‍ക്കല പള്ളിക്കലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പര്യടനം തടസപ്പെടുത്തിയതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നിഷ്‌ക്രിയമാണെന്ന് ആരോപിച്ച് സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍
ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരിന്നു പ്രതിഷേധിച്ചു.
പള്ളിക്കലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പൊലീസുകാര്‍ സാക്ഷികളാണെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടി വൈകുകയാണെന്നും ആരോപിച്ചായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതിഷേധം. രാവിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച് ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തുടര്‍നടപടി വൈകില്ലെന്നു ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. സംഭവത്തില്‍ ദേശീയ വനിത കമ്മീഷന് ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കി. ഇന്നലെ രാത്രി പളളിക്കലിലും മൂതലയിലുമാണ് സിപിഐഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here