ഇന്ന് കരുത്തരുടെ കളി; മുംബൈ നിരയിൽ രണ്ട് മാറ്റങ്ങൾ: ടോസ് വിവരങ്ങൾ

ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ മുംബൈക്ക് ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ നിരയിൽ രണ്ട് മാറ്റങ്ങളാളുള്ളത്. ജേസൻ ബഹൻഡറോഫിനു പകരം ബെൻ കട്ടിംഗും അസുഖം ബാധിച്ച ബെൻ കട്ടിംഗിനു പകരം ജയന്ത് യാദവും മുംബൈക്കായി ഇന്ന് കളിക്കും. ഡൽഹി നിരയിൽ മാറ്റങ്ങളില്ല.
പോയിൻ്റ് ടേബിളിൽ മൂന്നാമതും നാലാമതുമുള്ള ടീമുകളാണ് ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും. ചെറുപ്പക്കാരുടെ ടീമായ ഡൽഹി റിക്കി പോണ്ടിംഗിൻ്റെ കോച്ചിംഗ് മികവിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുമ്പോൾ ഹർദ്ദിക് പാണ്ഡ്യയുടെ പ്രകടനങ്ങളാണ് മുംബൈയെ താങ്ങി നിർത്തുന്നത്. ഇരു ടീമുകളും 5 മത്സരങ്ങളിൽ വിജയിക്കുകയും 3 കളി വീതം പരാജയപ്പെടുകയും ചെയ്തു.
മികച്ച ബോളിംഗ് ലൈനപ്പാണ് ഇരു ടീമുകളുടെയും കരുത്ത്. ഇഷാന്ത് ശർമ്മ, കഗീസോ റബാഡ, കീമോ പോൾ, അമിത് മിശ്ര തുടങ്ങിയവർ ഡൽഹിക്ക് വേണ്ടിയും ജസ്പ്രീത് ബുംറ, ലസിത് മലിംഗ, രാഹുൽ ചഹാർ തുടങ്ങിയവർ മുംബൈക്ക് വേണ്ടിയും മികച്ച ഫോമിലാണ്. ഈ മത്സരത്തിൽ വിജയിച്ചാൽ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കാം എന്നതു കൊണ്ട് തന്നെ ഇരു ടീമുകളും ശക്തമായ മത്സരം കാഴ്ച വെക്കാനാണ് സാധ്യത.
ഈ സീസണിൽ ഇതിനു മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഡൽഹിക്കായിരുന്നു. അന്ന് ഋഷഭ് പന്തിൻ്റെ കൂറ്റനടികളാണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത്. 27 പന്തുകളിൽ 78 റൺസെടുത്ത പന്തിൻ്റെ ഇന്നിംഗ്സ് മികവിൽ 213 റൺസെടുത്ത ഡൽഹിക്കെതിരെ 176 റൺസിന് മുംബൈ ഓൾ ഔട്ടാവുകയായിരുന്നു. 53 റൺസെടുത്ത യുവരാജായിരുന്നു മുംബൈയുടെ ടോപ്പ് സ്കോറർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here