വിശ്വാസസംരക്ഷണത്തിനായി കോടതി മുതൽ പാർലമെന്റ് വരെ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിൽ ഈശ്വരന്റെ പേര് ഉച്ചരിച്ചാൽ കള്ളക്കേസിൽ കുടുക്കുകയും ലാത്തിച്ചാർജ് നടത്തുകയുമാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും തകർക്കാൻ അനുവദിക്കില്ലെന്നും ഇതിനായി ഓരോ കുഞ്ഞും രംഗത്തിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എൻഡിഎ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ആചാരങ്ങളെയും വിശ്വാസങ്ങളെയും കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുന്നില്ല.
വിശ്വാസത്തിന്റെ കാര്യത്തിൽ ബിജെപിയുടേത് വ്യക്തമായ നിലപാടാണ്. എന്നാൽ കോൺഗ്രസിന്റേത് അപകടകരമായ ഇരട്ടത്താപ്പാണ്. മെയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും എല്ലാ വേദികളിലും കേരളത്തിലെ വിശ്വാസ സംരക്ഷണത്തിനായി പോരാടുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. വിശ്വാസ പ്രമാണങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യും. വിശ്വാസ സംരക്ഷണത്തിനായി കോടതി മുതൽ പാർലമെന്റ് വരെ പോരാടുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മത്സരിക്കാനായി വയനാട് വരെ വരേണ്ടി വന്നിരിക്കുകയാണ്. ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നൽകാനാണ് രാഹുൽ വന്നിരിക്കുന്നതെന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങിനെയെങ്കിൽ രാഹുലിന് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാമായിരുന്നില്ലേയെന്നും പ്രധാനമന്ത്രി ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here