രാഷ്ട്രീയക്കാരിയായ വനിതാ കമ്മീഷൻ അധ്യക്ഷ വിഷയങ്ങളെ രാഷ്ട്രീയമായി മാത്രം കാണുന്നു; രമേശ് ചെന്നിത്തല

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രാഷ്ട്രീയക്കാരിയാണെന്നും വിഷയങ്ങളെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ വനിതാ കമ്മീഷന്റേത് ഇരട്ടത്താപ്പാണെന്നും ഏകപക്ഷീയമായ നിലപാടാണ് കമ്മീഷൻ സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്ത്രീ വിരുദ്ധ പരാമർശം ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ നടപടിയെടുത്ത വനിതാ കമ്മീഷൻ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ നൽകിയ പരാതിയിൽ ഇടപെടാതിരിക്കുന്നതിനെതിരെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
Read Also; വിവാദ വീഡിയോ പ്രചാരണം; കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
വിവാദ പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരായ പരാതിയിൽ നടപടി വൈകുന്നതിനെതിരെ വിമർശനവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഇന്ന് രംഗത്തെത്തിയിരുന്നു. കെ സുധാകരനെതിരെ നടപടിയെടുത്ത വനിതാ കമ്മീഷൻ തന്റെ കേസിൽ ഒരു ഇടപെടലും നടത്തിയില്ലെന്ന് രമ്യ ആരോപിച്ചു.
സാധാരണക്കാരന് ലഭിക്കേണ്ട പരിഗണന തനിക്ക് ലഭിച്ചില്ല. സംഭവത്തിൽ വിളിച്ച് അന്വേഷിക്കാൻ പോലും വനിതാ കമ്മീഷൻ തയ്യാറായില്ല. സ്വാധീനമുള്ളവർക്ക് ഒരു നിയമവും സാധാരണക്കാരന് മറ്റൊന്നും എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്നുമാണ് രമ്യ ഹരിദാസ് പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here