അപകീർത്തി പരാമർശത്തിനെതിരെ പരാതി നൽകിയിട്ടും ഒന്നും ചെയ്തില്ല; വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവന്‍റെ അപകീർത്തി പ്രസ്താവനയ്ക്കെതിരേ പരാതി നൽകിയിട്ടും വനിതാ കമ്മീഷൻ ഒന്നും ചെയ്തില്ലെന്നും വിളിച്ചുപോലും ചോദിച്ചില്ലെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. തൃശൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് തനിക്കെതിരെ വനിതാ കമ്മീഷൻ വിവേചനം കാണിച്ചുവെന്ന് രമ്യ തുറന്നടിച്ചത്.
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ എതിർ സ്ഥാനാർഥിയായ വനിതയ്ക്കെതിരേ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന് ആരോപിച്ച് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. താൻ നൽകിയ പരാതിയിലും സമാന രീതിയിൽ ചെയ്യാമെന്നിരിക്കേ കമ്മീഷൻ ഒന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു.
രാഷ്ട്രീയം നോക്കിയാണ് വനിതാ കമ്മീഷന്‍റെ ഇടപെടലുകൾ ഉണ്ടാകുന്നത്. താൻ സ്വാധീനമില്ലാത്ത സാധാരണക്കാരി ആയതിനാലാകും തന്‍റെ പരാതിയിൽ നടപടി സ്വീകരിക്കാത്തതെന്നും രമ്യ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here