ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനം

ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെയുണ്ടാകും. രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കണ്ണൂർ റേഞ്ച് ഐജി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് വിഷയത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി.
ഒളിക്യാമറ വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടില്ലെന്നും ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ കൃത്രിമമല്ലെന്നുമാണ് ഐജിയുടെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ഫൊറൻസിക് പരിശോധന അടക്കമുള്ള നടപടികളിലേക്ക് നീങ്ങണമെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഐജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read More; ഒളിക്യാമറ വിവാദം; അന്വേഷണ സംഘം എം.കെ രാഘവന്റെ മൊഴിയെടുത്തു
കോഴിക്കോട് ഹോട്ടൽ സംരംഭം തുടങ്ങാനെത്തിയവരെന്ന് പറഞ്ഞെത്തിയ ഹിന്ദി ചാനൽ സംഘത്തോട് രാഘവൻ കോഴ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ് നേരത്തെ പുറത്തു വന്നിരുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ വ്യാജമാണെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്നുമാണ് രാഘവൻ പ്രതികരിച്ചത്. സംഭവം ചട്ടലംഘനമാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും ഗൂഡാലോചനയുണ്ടെന്ന് കാണിച്ച് എം.കെ രാഘവനും പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here