മൂന്നു വയസുകാരന്റെ മരണം; അന്വേഷണം ജാർഖണ്ഡിലേക്കും പശ്ചിമ ബംഗാളിലേക്കും വ്യാപിപ്പിക്കുന്നു

അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായി മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. പശ്ചിമ ബംഗാളിലേക്കും ജാർഖണ്ഡിലേക്കുമാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ പങ്ക് വിശദമായി അന്വേഷിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സുരേന്ദ്രനാണ് അന്വേഷണ ചുമതല.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നു വയസുകാരൻ ഇന്ന് രാവിലെയാണ് മരിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം. ഇന്ന് രാവിലെയോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് ജാർഖണ്ഡ സ്വദേശിയായ സ്ത്രീ കുഞ്ഞിനെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. അമ്മയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമം ചുമത്തിയായിരുന്നു അറസ്റ്റു ചെയ്തത്. കുട്ടിയുടെ പിതാവിനെതിരേയും കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവർക്കുമെതിരെ ചുമത്തിയത്.
കുട്ടിയുടെ അമ്മ ജാർഖണ്ഡ് സ്വദേശിയും അച്ഛൻ പശ്ചിമ ബംഗാൾ സ്വാദേശിയുമാണ്. 20 ദിവസം മുമ്പാണ് കുട്ടിയും അമ്മയും നാട്ടിലെത്തിയത്. ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ പൊലീസ് അനേഷണം നടത്തി. ഇരുവരേയും കൊണ്ടുവന്ന ഏജന്റുമാരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
അമ്മയുടെ കൈയിൽ നിന്ന് താഴെ വീണെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലും പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. പിന്നീട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here