ദൃശ്യങ്ങൾ കൃത്രിമമല്ല; ഒളിക്യാമറ വിവാദത്തിൽ എം കെ രാഘവനെതിരെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

ഒളിക്യാമറ കോഴയാരോപണ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവനെതിരെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 24 എക്‌സ്‌ക്യൂസീവ്.

രാഘവനെതിരായ കോഴയാരോപണക്കേസിൽ അന്വേഷണ ചുമതല ഡിസിപി വാഹിദിനാണ്. നേരത്തേ സംഭവത്തിൽ മൊഴി നൽകണമെന്നാവശ്യപ്പെട്ട് രാഘവന് രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പ് തിരക്കുകൾ മൂലം മൊഴി നൽകാതെ വിട്ടു നിന്ന രാഘവൻ ഒടുവിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകിയിരുന്നു. എം കെ രാഘവന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു. രാഘവനെതിരെ വിവാദം ശക്തമായ സാഹചര്യത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.

എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ടിവി 9 ചാനൽ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടതാണ് വിവാദങ്ങൾക്കിടയായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സംഭവം. കോഴിക്കോട് ഹോട്ടൽ സംരംഭം തുടങ്ങുന്നതിനായി സ്ഥലം ലഭ്യമാക്കി നൽകണമെന്നാവശ്യപ്പെട്ട് എത്തിയവരോട് രാഘവൻ അഞ്ച് കോടി ആവശ്യപ്പെടുന്നതായാണ് ചാനൽ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിന് പിന്നിൽ സിപിഐഎമ്മാണെന്നും കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോർട്ട് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു രാഘവന്റെ വാദം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More