അമേഠിയിൽ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു. അമേഠി മണ്ഡലത്തിലെ വരണാധികാരിയാണ് സൂക്ഷമ പരിശോധന ഈ മാസം 22ലേക്ക് മാറ്റിവെക്കാൻ ഉത്തരവിട്ടത്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം സ്വതന്ത്ര സ്ഥാനാർത്ഥിയായ ധ്രുവ് ലാൽ ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്.
ബ്രിട്ടിനിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ സർട്ടിഫിക്കറ്റിൽ ബ്രിട്ടീഷ് പൗരൻ ആണെന്ന് രാഹുൽ പറയുന്നുണ്ടെന്നും, ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാണ് ധ്രുവ് ലാലിന്റെ ആവശ്യം. രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ധ്രുവ് ലാൽ ആവശ്യപ്പെട്ടു.
രാഹുൽഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുൽഗാന്ധിയുടെ നാമനിർദ്ദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here