സ്ത്രീവിരുദ്ധ പരാമർശം; ഹാർദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും പിഴ

ഹാർദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും പിഴ. ടെലിവിഷൻ ചാറ്റ് ഷോയ്ക്കിടയിലെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിലാണ് ഇരുവർക്കും ബിസിസിഐ ഓംബുഡ്‌സ്മാൻ പിഴ ചുമത്തിയത്. 20 ലക്ഷമാണ് പിഴ.
ബിസിസിഐ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തുവിട്ട ഉത്തരവ് പ്രകാരം ഇരുതാരങ്ങൾക്കുമെതിരെ കൂടുതൽ നടപടികളൊന്നും കൈകൊള്ളില്ലെന്ന് പറയുന്നുണ്ട്.
വിഷയത്തിൽ നേരത്തെ ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. രാജസ്ഥാനിലെ ജോധ്പൂർ പൊലീസ് സ്റ്റേഷനിലാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു വിവാദപരമായ പരാമർശം ഹാർദികും രാഹുലും നടത്തിയത്. കരൺ ജോഹറിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ത്രീ വിരുദ്ധ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ഹാർദികിനും രാഹുലിനുമെതിരെ ബിസിസിഐ സസ്‌പെൻഷൻ നടപടി സ്വീകരിച്ചിരുന്നു. ജനുവരി 24 ന് സസ്‌പെൻഷൻ പിൻവലിച്ചു. തുടർന്ന് പാണ്ഡ്യ ഇന്ത്യയുടെ ന്യൂസിലൻഡ് പരമ്പരക്കുള്ള ടീമിനൊപ്പവും രാഹുൽ ഇന്ത്യൻ ടീമിനൊപ്പവും ചേർന്നിരുന്നു. ഇതിനിടെയാണ് ഇരുവർക്കുമെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here