‘മോദി: ജേണി ഓഫ് കോമൺമാൻ’; സിനിമയ്ക്ക് പിന്നാലെ വെബ് സീരീസിനും വിലക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയ ‘മോദി: ജേണി ഓഫ് കോമൺമാൻ’ എന്ന വെബ് സീരീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മോദിയെക്കുറിച്ചുള്ള സിനിമ വിലക്കിയതിനു പിന്നാലെയാണ് വെബ് പരമ്പരയ്ക്കെതിരായ നടപടി.
പത്ത് ഉപകഥകളായുള്ള പരമ്പരയുടെ അഞ്ച് ഭാഗങ്ങൾ ഇതിനകം സംപ്രേഷണം ചെയ്തിരുന്നു. ആദ്യഭാഗം ഈ മാസം മൂന്നിനാണ് പുറത്തുവന്നത്. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരമ്പര സംപ്രേഷണം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. ഇന്റർനെറ്റിൽനിന്നും പരമ്പരയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളെല്ലാം നീക്കണമെന്നും കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കിഷോർ മക്വാന എഴുതിയ ‘മോദി: കോമൺ മാൻസ് പിഎം’ എന്ന പുസ്തകത്തെ ആധാരമാക്കി ഉമേഷ് ശുക്ലയാണ് പരമ്പര സംവിധാനം ചെയ്തത്. ദൈവത്തിന് എതിരെ പരാതി നൽകുന്ന കഥയായ ‘ഓ മൈ ഗോഡ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനാണ് ഉമേഷ് ശുക്ല. നേരത്തെ ഇറങ്ങേണ്ട പരമ്പര സാങ്കേതിക പ്രശ്നങ്ങളെ തുടന്ന് വൈകിയതാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് യാദൃശ്ചികമായാണെന്നും സംവിധായകൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here