റൊട്ടി നൽകുന്ന ആർക്കു മുന്നിലും വാലാട്ടുന്ന പട്ടിക്കുട്ടിയാണ് രാഹുൽ ഗാന്ധിയെന്ന് ഗുജറാത്ത് മന്ത്രി; വിവാദം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പിയെന്ന് വിശേഷിപ്പിച്ച് ഗുജറാത്തിലെ ഗോത്രസമൂഹ വികസന മന്ത്രി ഗൺപത് വാസവ. പാകിസ്ഥാനോടും ചൈനയോടും നന്ദി കാണിക്കുന്ന പട്ടിക്കുട്ടിയാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു വാസവയുടെ പ്രസ്താവന. തനിക്ക് റൊട്ടി നൽകുന്ന ആർക്കു മുന്നിലും വാലാട്ടുമെന്നും വാസവ പരിഹസിച്ചു. വാസവയുടെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്.
നരേന്ദ്ര മോദി സിംഹത്തെപ്പോലെയാണ്. അദ്ദേഹം എവിടെ നിന്നാലും ഒരു ഗിർ സിംഹം നിൽക്കുന്നതു പോലെ തോന്നും. എന്നാൽ രാഹുൽ ഗാന്ധി എവിടെ നിന്നാലും വാലാട്ടുന്ന പട്ടിക്കുട്ടിയെ പോലെയാണ് തോന്നുക. പാകിസ്ഥാൻ റൊട്ടി നൽകാമെന്ന് പറഞ്ഞാൽ അയാൾ അവിടെ പോകും. ചൈന എന്തെങ്കിലും വാഗ്ദാനം നൽകിയാൽ അത് ചൈനയോടൊപ്പം പോകുമെന്നും വാസവ പറഞ്ഞു. ദെദിയപ്പയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ ്‌വാസവയുടെ വിവാദ പ്രസ്താവന. ഒരു ദേശീയ മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം പഞ്ചാബ് നാഷണൽ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചപ്പോഴും സമാനമായ വ്യക്തിഹത്യക്ക് രാഹുൽ ഗാന്ധി ഇരയായിരുന്നു.സംഭവത്തിൽ രാഹുൽ ഗാന്ധി കുരയ്ക്കുന്ന പട്ടിയാണെന്ന് ഉത്തർപ്രദേശിലെ ഗോണ്ട അസംബ്ലിയിൽ നിന്നുള്ള ബിജെപി എംപിയായ ബ്രിജി ഭൂഷൺ ശരൺ അധിക്ഷേപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here