‘ഇത്തരം തരംതാണ ആക്രമണങ്ങളിൽ നിന്നും വിട്ടുനിൽക്കൂ, ബിജു മേനോന് എന്റെ എല്ലാ പിന്തുണകളും’; മേജർ രവി

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജു മേനോൻ കടുത്ത സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധാകൻ മേജർ രവി. ഇത്തരത്തിലുള്ള തരംതാണ ആക്രമണങ്ങളിൽ നിന്നും ദയവു ചെയ്ത് വിട്ടുനിൽക്കണമെന്നും ശാരീരികമായോ വാക്കുകൾ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഉദാരമനസ്‌കതയോടെ പെരുമാറാൻ ശ്രമിക്കണമെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
സുഹൃത്തായ സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജു മേനോന് നേരെ നടക്കുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങളെ അപലപിക്കുന്നു. ഒരാളെ മാനസികമായോ, ശാരീരികമായോ, വാക്കുകൾ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഉദാരമനസ്‌കതയോടെ പെരുമാറാൻ ശ്രമിക്കണം. സൗഹൃദത്തെ മനസിലാക്കൂ. അതിന് വില നൽകൂ. ദയവായി ഇത്തരം തരംതാണ ആക്രമണങ്ങളിൽ നിന്നും വിട്ടുനിൽക്കൂ. ഞാൻ ഇതിനെ അപലപിക്കുന്നു. ബിജു മേനോന് എന്റെ എല്ലാ പിന്തുണയും…ജയ് ഹിന്ദ്
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യർഥിച്ച് ബിജു മേനോൻ പൊതുവേദിയിൽ എത്തിയത്. തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ തൃശ്ശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താൻ വേറെ കണ്ടിട്ടില്ലെന്നുമായിരുന്നു ബിജു മേനോൻ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് താരത്തിന്റെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം ശക്തമായി. നടനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും രംഗത്തെത്തിയിരുന്നു. കൂടാതെ നടൻ അജു വർഗീസും തന്റെ പിന്തുണ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here