‘പണവും ബാഗും അവർ പിടിച്ചുവാങ്ങി, എറണാകുളത്തേക്ക് വരാൻ ഭയമായിരുന്നു’; കല്ലട ബസിൽ ക്രൂരമർദ്ദനത്തിനിരയായ അജയഘോഷ് ട്വന്റിഫോറിനോട്

കല്ലടയിലെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചുവെന്ന്, മർദ്ദനത്തിനിരയായ അജയഘോഷ് ട്വന്റിഫോറിനോട്. തന്റെ പണവും ബാഗും ഉൾപ്പെടെ അവർ പിടിച്ചുവാങ്ങി. പുലർച്ചെയായിരുന്നു മർദ്ദനമെന്നും ഗുണ്ടകൾ പിന്തുടർന്നിരുന്നുവെന്നും അജയഘോഷ് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് എറണാകുളത്തേക്ക് വരാൻ ഭയമായിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ ഉറപ്പിനെത്തുടർന്നാണ് തിരികെ വന്നതെന്നും അജയഘോഷ് വ്യക്തമാക്കി.
20 ന് രാത്രിയാണ് താൻ ബസിൽ കയറിയതെന്നും അൽപ ദൂരം പിന്നിട്ടപ്പോൾ ഉറങ്ങിയിരുന്നതായും അജയഘോഷ് പറഞ്ഞു. വലിയ ശബ്ദം കേട്ട് ഉണർന്നപ്പോൾ ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. പുറത്തിറങ്ങി നോക്കുമ്പോൾ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന സ്ഥലത്ത് ബസ് നിർത്തിയിട്ടിരിക്കുകയാണ്. ബസിലെ സഹയാത്രികരും ജീവനക്കാരിൽ ഒരാളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്നതാണ് കണ്ടത്. അതേപ്പറ്റി ചോദിച്ചപ്പോൾ അരമണിക്കൂറായി ബസ് ബ്രേക്ക് ഡൗണായി കിടക്കുകയാണെന്നും പോകാൻ ഇവർ സൗകര്യം ഒരുക്കുന്നില്ലെന്നുമായിരുന്നു യാത്രക്കാർ പറഞ്ഞത്. തമിഴ് അറിയാവുന്ന ആളായിരുന്നു ജീവനക്കാരൻ. തമിഴ് അറിയാവുന്ന താൻ അയാളോട് അതേപ്പറ്റി ചോദിച്ചപ്പോൾ ഹെഡ് ഓഫീസിലെ നമ്പർ ചോദിച്ചാണ് ഇവർ ബഹളം വെയ്ക്കുന്നതെന്നും നമ്പർ അറിയില്ലെന്നും പറഞ്ഞു. കൂടെയുണ്ടായിരുന്ന ആളെ ചോദിച്ചപ്പോൾ അയാൾ പോയെന്നായിരുന്നു മറുപടി.
കല്ലടയുടെ സൈറ്റിൽ കയറി നമ്പർ എടുത്ത് വിളിച്ചപ്പോൾ വൈറ്റിലയിലേക്കാണ് കോൾ പോയത്. അയാളോട് കാര്യം പറഞ്ഞപ്പോൾ വളരെ മോശമായാണ് പെരുമാറിയത്. തിരുവനന്തപുരത്തു നിന്നും ആള് വരുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നുമായിരുന്നു മറുപടി. തുടർന്ന് കായംകുളം ഡിവൈഎസ്പിയുടെ നമ്പർ ഇന്റർനെറ്റിൽ നിന്നും എടുത്തുവിളിച്ച് കാര്യം പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ അദ്ദേഹവും സിഐയും സ്ഥലത്തെത്തി കാര്യങ്ങൾ ആരാഞ്ഞു. തുടർന്ന് സ്റ്റാഫിനെ ചോദ്യം ചെയ്‌തെന്നും അജയഘോഷ് വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here