തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നിൽക്കുകയും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
പ്രശ്‌നബാധിത മേഖലകളിൽ പോലീസ് സംഘങ്ങൾ പോളിങ് ബൂത്തിന് സമീപം റോന്തു ചുറ്റും. വീഡിയോ ദൃശ്യങ്ങൾ പകർത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇടുങ്ങിയതും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ പോലീസ് പട്രോളിങ്ങുണ്ടാകും. വനിതാ വോട്ടർമാർക്ക് സഹായം ലഭ്യമാക്കുന്നതിനായി 3500 വനിതാ പോലീസുകാരെ ഉൾപ്പെടെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിയോഗിച്ചിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടുന്നതിന് നിർദേശം നൽകിയതായും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ഇത്തരത്തിൽ സംഭവങ്ങളുണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here