അമേഠിയിൽ രാഹുൽ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

അമേഠിയിൽ രാഹുൽ ഗാന്ധി നൽകിയ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. രാഹുലിനെതിരായ ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി രാഹുലിന്റെ പത്രിക സ്വീകരിക്കാൻ തീരുമാനിച്ചത്. മറ്റൊരു രാജ്യത്തും രാഹുൽ പരേത്വമെടുത്തിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ ബോധ്യപ്പെടുത്തി. രാഹുലിനുള്ളത് ഇന്ത്യൻ പൗരത്വം മാത്രമാണെന്നും വ്യക്തമാക്കി.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണങ്ങൾക്കും മറുപടി നൽകി. രാഹുൽ കേംബ്രിഡ്ജ് സർവകലാശാലയിൽ എം ഫിൽ ചെയ്തത് 1995 ലാണ്. ഇതിന്റെ സർട്ടിഫിക്കറ്റും അഭിഭാഷകൻ ഹാജരാക്കി,
രാഹുലിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നും അതിനാൽ നാമനിർദേശ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി ധ്രുവ് ലാലാണ് പരാതിയുമായി രംഗത്തെത്തിയത്. ബ്രിട്ടിനിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ സർട്ടിഫിക്കറ്റിൽ ബ്രിട്ടീഷ് പൗരൻ ആണെന്ന് രാഹുൽ പറയുന്നുണ്ടെന്നും, ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ധ്രുവ് ലാൽ പറഞ്ഞിരുന്നു. രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
രാഹുൽഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ടയിരുന്നു. രാഹുൽഗാന്ധിയുടെ നാമനിർദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here