തോൽക്കുമെന്നായപ്പോൾ കള്ളക്കേസുമായ് വരുന്നത് തരംതാണ രാഷ്ട്രീയം: എം കെ രാഘവൻ

പരാജയം ഉറപ്പായപ്പോൾ തെരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്ത് തളർത്താമെന്ന സിപിഐഎം വ്യാമോഹത്തിന് ജനങ്ങൾ മറുപടി നൽകുമെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ. നിലനിൽക്കില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു കേസെടുക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ അവർ എത്രത്തോളം ഭയത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണ്. 10 വർഷമായി ജനങ്ങൾക്കിടയിലുള്ള തന്നെ അവർക്ക് നല്ലതുപോലെ അറിയാമെന്നും രാഘവൻ പറഞ്ഞു.

കോഴിക്കോട് എല്ലാ ഘടകങ്ങളും പ്രതികൂലമാണെന്ന തിരിച്ചറിവിൽ നിന്നും വിഭ്രാന്തിയിൽ നിന്നുമാണ് തരംതാണ രാഷ്ട്രീയ കളിക്ക് സിപിഐഎം കൂട്ടുനിൽക്കുന്നത്. കോഴിക്കോട്ടെ ജനങ്ങൾക്കും നീതിപീഠത്തിനും തന്റെ വിധി വിട്ടുകൊടുക്കുകയാണ്. കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവർത്തകനെ തകർക്കാമെന്ന് സിപിഐഎം കരുതേണ്ടെന്നും എം കെ രാഘവൻ ഓർമ്മിപ്പിച്ചു. ഒളിക്യാമറ വിവാദത്തിൽ എം കെ രാഘവനെതിരെ കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തിരുന്നു. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് രാഘവന്റെ പ്രസ്താവന.

സംഭവത്തെപ്പറ്റി അന്വേഷിച്ച ഐജി ഒളിക്യാമറ ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും രാഘവനെതിരെ കേസെടുക്കണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂർ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഇതേ തുടർന്ന് വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഒളിക്യാമറ വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടില്ലെന്നും ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ കൃത്രിമമല്ലെന്നുമായിരുന്നു ഐജിയുടെ അന്വേഷണ റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More