മോദിയുടെ തന്ത്രം കേരളത്തിലും; വോട്ടർമാർ ജാഗ്രത പാലിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ

മോദിയുടെ തന്ത്രം കേരളത്തിലും; വോട്ടർമാർ ജാഗ്രത പാലിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ വോട്ടിങ് യന്ത്രത്തിൽ വ്യാപകക്രമക്കേടുകൾ രേഖപ്പെടുത്തുന്ന സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദിയുടെ യന്ത്രം കേരളത്തിലും വന്നു എന്നാണ് ഈ തെരഞ്ഞെടുപ്പിൽ സൂചന വന്നിരിക്കുന്നതെന്നും അതുകൊണ്ട് എല്ലാ ബൂത്തിലും വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു.
വോട്ടിങ് മെഷീനെ കുറിച്ച് വ്യാപക പരാതി വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ ക്രമീകരണങ്ങൾ പൂർണമായി പാളിയിരിക്കുകയാണെന്നും ക്രമീകരണത്തിൽ അപാതകയുണ്ടെന്നും കോടിയേരി പറഞ്ഞു. വിവിപാറ്റ് സംവിധാനം വന്നതിന്റെ ഫലമായിട്ടും ധാരാളം പ്രശ്‌നങ്ങൾ വന്നതായിട്ട് കാണുന്നുണ്ട്. അതിനെല്ലാമുള്ള ക്രമീകരണം ഏർപ്പെടുത്തേണ്ടിയിരുന്നു. അത് ചെയ്തില്ല. വിവിപാറ്റ് വന്ന പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കണമായിരുന്നു. വൈകുന്നേരം ആറ് മണിക്കുള്ളിൽ വോട്ടിങ് അവസാനിക്കുമെന്ന് തോന്നുന്നില്ല. ക്യൂവിലെത്തിയ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ കോഴിക്കോട് പറഞ്ഞു.
വോട്ടിങ് മെഷീനിലെ തകരാറിനെതിരെ മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. ഭരണഘടന വരെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരു സംഘടന അതും അതിനപ്പുറവും ചെയ്യാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക പ്രശ്‌നമാണ് ആശങ്കപ്പെടേണ്ടതില്ല എന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ പറയുന്നത്. എന്നാൽ തങ്ങൾ അതൊന്നും തള്ളിക്കളയുന്നില്ല. ഈ തരത്തിലുള്ള ആരോപണങ്ങൾ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർത്ഥിക്ക് പതിയുക എന്ന ആരോപണം പോലും ഉയരാൻ പാടില്ലാത്തതാണ്. അത്രത്തോളം വൃത്തികെട്ട സമീപനം ഏത് തലം വരെയും ഉപയോഗിക്കും എന്നതിന്റെ തെളിവാണിതൊക്കെയെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here