വോട്ട് രേഖപ്പെടുത്തിയ ശേഷം മോദിയുടെ റോഡ് ഷോ; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മോദിയുടെ റോഡ് ഷോ. സംഭവത്തെപ്പറ്റി ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് തേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച മോദി തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യംചെയ്ത് കടന്നുപോയതായാണ് പരാതി.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും അദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽനിന്നും 48 മുതൽ 72 മണിക്കൂർവരെ വിലക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെ പ്രസ്താവനയും റോഡ് ഷോയും പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് ആരോപിച്ചു.
വോട്ടിംഗ് തിരിച്ചറിയല്‍ കാര്‍ഡിന് സ്ഫോടക വസ്തുക്കളെക്കാള്‍ ശക്തിയുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കുംഭമേളയില്‍ പങ്കെടുത്ത പ്രതീതിയാണ് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്ത ശേഷം തനിക്ക് അനുഭവപ്പെടുന്നതെന്ന് മോദി കൂട്ടിച്ചേർത്തു. നേരത്തേ, ഗാന്ധിനഗറിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് മോദി അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here