സിപിഐ നേതാവായ നഗരസഭാ കൗൺസിലർ ഇരട്ട വോട്ട് ചെയ്തതായി പരാതി

സിപിഐ നേതാവായ നഗരസഭാ കൗൺസിലർ ഇരട്ട വോട്ട് ചെയ്തതായി പരാതി.. സിപിഐ നേതാവായ ജലീൽ എസ് പെരുമ്പളത്ത് (മുഹമ്മദ് ജലീൽ) രണ്ട് ബൂത്തുകളിൽ വോട്ടുകൾ ചെയ്തുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാകളക്ടർക്കും പൊലീസിനും പരാതി നൽകി.
യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ ചീഫ് ഇലക്ഷഷൻ ഏജന്റ് അഡ്വ. ജോൺസൺ എബ്രഹാം, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു നസറുള്ള എന്നിവരാണ് എൽഡിഎഫ് നേതാവിനെതിരെ കള്ളവോട്ട് ആരോപണവുമായി കളക്ടർക്കും പൊലീസിനും മറ്റും പരാതി നൽകിയത്. ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89 ാം നമ്പർ ബൂത്തിലും കൊയ്പ്പള്ളി കാരാഴ്മ സ്‌കൂളിലെ 82 ാം നമ്പർ ബൂത്തിലും ഒരേ പേരിൽ ജലീൽ വോട്ട് ചെയ്തിരിക്കുന്നതായാണ് പരാതി. 89 ാം നമ്പർ ബുത്ത് പരിധിയിലേക്ക് നാല് മാസം മുമ്പാണ് ജലീൽ താമസമായത്. തുടർന്ന് ഇവിടെ വോട്ടഴ്‌സ് ലിസ്റ്റിൽ അഡീഷണലായി 800-ാം നമ്പരായി പേര് ചേർത്ത് പുതിയ തിരിച്ചറിയൽ കാർഡും സംഘടിപ്പിച്ചു.
അതേസമയം, കുടുംബ വീടായ കാഞ്ഞിക്കലേത്ത് പരിധിയിൽ വരുന്ന 82-ാം നമ്പർ ബൂത്തിൽ 636-ാം നമ്പരായി നേരത്തെ വോട്ടും തിരിച്ചറിയൽ കാർഡും ഉണ്ടായിരുന്നതായി യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നു. കുടുംബവീട്ടിലെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാതെ രണ്ടാമത് സ്ഥലത്ത് വോട്ട് ചേർത്തതും തിരിച്ചറിയൽ കാർഡ് വാങ്ങി എന്നതുമാണ് വിവാദമായത്. എന്നാൽ 89 ാം നമ്പർ ബൂത്തിൽ മാത്രമെ താൻ വോട്ട് ചെയ്തിട്ടുള്ളുവെന്ന് ജലീൽ പറഞ്ഞു. പരാതി ലഭിച്ചതായും ഇതേകുറിച്ച് അന്വേഷിച്ച് വരുന്നതായും കായംകുളം സിഐ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here