സിപിഐയ്ക്ക് ആദ്യമായി വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ്

സിപിഐയ്ക്ക് ആദ്യമായി വനിതാ ജില്ലാ സെക്രട്ടറി. സുമലത മോഹൻദാസിനെ പാലക്കാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. ഐകകണ്ഠേനയാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. എല്ലാ വനിതകൾക്കും വേണ്ടി ഈ അംഗീകാരം സമർപ്പിക്കുകയാണെന്ന് സുമലത പറഞ്ഞു.
പാർട്ടി വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഏറെ കരുത്തോടുകൂടി പ്രസ്ഥാനത്തിനെ മുന്നോട്ടു നയിക്കും. ഒറ്റ കെട്ടോടെയാണ് ജില്ലയിൽ പ്രവർത്തകർ പ്രവർത്തിക്കുന്നത്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വത്തിന് നന്ദി പറയുന്നതായും സുമലത മോഹൻദാസ് പറഞ്ഞു. ജില്ലാ സെക്രട്ടറിയായി കെ പി സുരേഷ് രാജ് മൂന്ന് ടേം പൂർത്തിയായി പദവി ഒഴിയുന്ന സാഹചര്യത്തിലാണ് സുമലതയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായിരുന്നു സുമലത.
സിപിഐ കേരള ഘടകത്തിൽ ജില്ലാ സെക്രട്ടറിയാകുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് സുമലത മോഹൻദാസ്. സിപിഐഎമ്മിലും സിപിഐയിലും ഏരിയാ മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറിമാരായി വനിതാ നേതാക്കൾ എത്തിയിട്ടുണ്ടെങ്കിലും ജില്ലാ സെക്രട്ടറി പദത്തിലേക്ക് ഇതുവരെ ആരെയും തിരഞ്ഞെടുത്തിട്ടില്ലായിരുന്നു. ജൂലൈ 18ന് ആരംഭിച്ച സിപിഐ പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.
Story Highlights : Sumalatha Mohandas became CPI first female district secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here