ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയെന്ന ചിത്രം റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. സിനിമ കണ്ടതിന് ശേഷം കമ്മീഷൻ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ചിത്രം വിലക്കണമെന്നാവശ്യപ്പെട്ടത്. പി എം നരേന്ദ്രമോദി ഒരു രാഷ്ട്രീയ നേതാവിനെ വാഴ്ത്തിപ്പാടുന്ന തരത്തിലുള്ള ചിത്രമാണെന്നാണ് കമ്മീഷൻ നിലപാട്.
പി എം നരേന്ദ്രമോദി ഒരു വ്യക്തിയുടെ ചരിത്രം വർണ്ണിക്കുന്ന സിനിമായാണ്. എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ് സിനിമയിൽ കാണിക്കുന്നത്. ഒട്ടും സന്തുലിതമല്ല ചിത്രത്തിൻറെ ഉള്ളടക്കം. അത് കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ അവസാന വോട്ടെടുപ്പ് ദിവസമായ മെയ് 19ന് ശേഷം മാത്രമെ സിനിമക്ക് റിലീസിംഗ് അനുവദിക്കാവുവെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
Read Also : നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചു; സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍
ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നൽകുന്നതിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് വെള്ളിയാഴ്ച്ചയാണ് സുപ്രീം കോടതി പരിഗണിക്കുക. ചിത്രത്തിൻറെ പ്രദർശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി കമ്മീഷനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്നും നേരത്തെയും കമ്മീഷൻ അണിയറ പ്രവർത്തകരെ വിലക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here