വോട്ടു ചെയ്യാൻ അമേരിക്കയിൽ നിന്നും എത്തിയപ്പോൾ വോട്ടർപട്ടികയിൽ പേരില്ല; നിരാശനായി ജോജു ജോർജ്

ഇത്തവണ നടൻ ജോജു ജോർജ് വോട്ട് ചെയ്യാൻ എത്തിയത് അമേരിക്കയിൽ നിന്നായിരുന്നു. ഒരു സിനിമയുടെ ലൊക്കേഷൻ കാണാനായിരുന്നു അമേരിക്കൻ യാത്ര. അമേരിക്കയിൽ നിന്നും എത്തി പത്തു മണിയോടെ വോട്ടു ചെയ്യാൻ എത്തിയപ്പൾ വോട്ടർപട്ടികയിൽ പേരില്ല. വോട്ടു ചെയ്യാൻ കഴിയാതെ നിരാശയോടെയാണ് ജോജു മടങ്ങിയത്.
കുഴൂർ ഗവണ്മെന്റ് സ്‌കൂളിലാണ് ജോജു വോട്ട് ചെയ്യാൻ എത്തിയത്. രാഷ്ട്രീയ പാർട്ടിക്കാരുടെ ബൂത്തിൽ ചെന്ന് വോട്ടർപട്ടിക പരിശോധിച്ചു. ക്രമനമ്പർ അറിയാനായിരുന്നു പരിശോധിച്ചത്. വോട്ടർ പട്ടിക രണ്ടു തവണ പരിശോധിച്ചിട്ടും പേരു കണ്ടില്ല. പഴയ വീടിരിക്കുന്ന സ്ഥലത്താകും വോട്ടെന്നു കരുതി അവിടെ ചെന്നും വോട്ടർ പട്ടിക പരിശോധിച്ചെങ്കിലും വോട്ടില്ലെന്ന് വ്യക്തമാകുകയായിരുന്നു. കുഴൂരിലെ വോട്ടർപട്ടികയിൽ ജോജുവിന്റെ അച്ഛന്റെയും അമ്മയുടെയും പേരുണ്ടായിരുന്നു. അവർ അവിടെ വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ജോജുവിനു പുറമേ ഭാര്യ അബ്ബയ്ക്കും വോട്ടർപട്ടികയിൽ പേരില്ലാത്തതുമൂലം വോട്ടു ചെയ്യാനായില്ല.
വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ നിരവധി പേർക്ക് സമ്മതിദാനാവകാശം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. തൃശൂർ ജില്ലയിൽ മാത്രം ആയിരത്തിലേറെ വോട്ടർമാരുടെ പേരുകൾ അപ്രത്യക്ഷമായതായി പരാതി ഉയർന്നിട്ടുണ്ട്. കരടുവോട്ടർ പട്ടികയിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിലെ പട്ടികയിലും ഉൾപ്പെട്ടവരാണ് അന്തിമവോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. യു.ഡി.എഫ് അനുഭാവികളുടെയും പ്രവർത്തകരുടെയും കുടുംബങ്ങളാണ് വോട്ട് നഷ്ടപ്പെട്ടവരിലേറെയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here