ബാഴ്സലോണ ഈസ്റ്റ് ബംഗാളുമായി കൈകോർക്കുന്നു

സ്പാനിഷ് ഭീമന്മാരായ എഫ്സി ബാഴ്സലോണയും ഇന്ത്യയുടെ ഇതിഹാസ ക്ലബ് ഈസ്റ്റ് ബംഗാളും കൈകോർക്കുന്നു. ഇരു ക്ലബുകളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഈസ്റ്റ് ബംഗാൾ തന്നെയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്തു വിട്ടത്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ വെച്ച് ഇരു ക്ലബിന്റെ അധികൃതരും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ബാഴ്സലോണയുടെ സ്പോൺസർമാരായ റാക്കുടെൻ ആണ് ചർച്ചക്ക് വഴിയൊരുക്കിയത്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ച ബാഴ്സലോണ ഈസ്റ്റ് ബംഗാളുമായി സഹകരിക്കാനുള്ള കരാർ ഉടൻ ഉണ്ടാക്കും എന്നാണ് സൂചന. ചർച്ചയുടെ വിശദാംശങ്ങൾ ഈസ്റ്റ് ബംഗാൾ പങ്കുവെച്ചില്ല. ബാഴ്സലോണയുടെ ഫുട്ബോളിലെ ബന്ധം ലോകമെങ്ങും വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ചർച്ചകൾ നടന്നത് എന്ന് അധികൃതർ അറിയിച്ചു.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലബാണ് എഫ്സി ബാഴ്സലോണ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ബാഴ്സയിൽ ലോകോത്തര ഇതിഹാസ താരങ്ങൾ പലരും ബൂട്ടണിഞ്ഞിട്ടുണ്ട്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഇന്ത്യൻ ക്ലബ് ഈസ്റ്റ് ബംഗാളിനും പാരമ്പര്യത്തിൻ്റെ കനം അവകാശപ്പെടാനുണ്ട്. ഇരു ക്ലബുകളും തമ്മിൽ ധാരണയിലെത്തുന്നത് ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ചക്ക് കൂടി വഴി വെക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ജർമ്മൻ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ട്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയവരും ഇന്ത്യൻ ക്ലബുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആലോചിക്കുന്ന കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here