തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത

ഏപ്രില്‍ 30ന് തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റുണ്ടാവാൻ സധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള, കര്‍ണ്ണാടക തീരങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും, ഏപ്രില്‍ 30, മെയ് 1 തിയതികളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യ രേഖാ പ്രദേശത്ത് ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് നാളെയോടു കൂടി രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദനമാവാനും അതൊരു ചുഴലിക്കാറ്റായി മാറാനുമുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഈ പ്രദേശത്ത് മത്സ്യബന്ധനത്തിനായി മത്സ്യതൊഴിലാളികള്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകുന്നു.
കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാന്‍ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിനായി പോയവര്‍ ഏപ്രില്‍ 26ന് മുന്‍പു തന്നെ അടുത്തുള്ള തീരത്ത് എത്തിച്ചേരുക. മത്സ്യബന്ധനത്തിനായി കടലില്‍ പോയ മത്സ്യതൊഴിലാളികളെ തിരിച്ചു വിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കേരളാ തീരത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ ആരും മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നും നിർദ്ദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here