സോഷ്യല്‍ മീഡിയാ സേവനങ്ങളില്‍ സ്വകാര്യത സംരക്ഷിക്കാന്‍ ഒരു മൊബൈല്‍ ആപ്പ്

സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ഗുണകരമാണെങ്കിലും അവയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം അത്ര സുഖകരമായ ഒന്നല്ല… എന്നാല്‍ അത്തരം സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആയി ഒരു മൊബൈല്‍ ആപ്പ്.
ഉപയോക്താക്കളുടെ സ്വകാര്യതയുടെ കാവല്‍ക്കാരനാകുന്ന ആപ്പിന്റെ പേര് ‘ജംബോ’ എന്നാണ്. ആപ്ലിക്കേഷന്റെ ഐഓഎസ് പതിപ്പ് കമ്പനി ഇതിനോടകം തന്നെ ഉപയോക്താക്കളില്‍ എത്തിച്ചു കഴിഞ്ഞു. വൈകാതെ ജംബോ ആന്‍ഡ്രോയിഡിലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനനുസരിച്ച് ഫെയ്സ്ബുക്കിലെ പ്രൈവസി സെറ്റിങ്സ് സ്വയം ക്രമീകരിക്കാനും പഴയ ട്വീറ്റുകള്‍ ഫോണിലേക്ക് സേവ് ചെയ്തതിന് ശേഷം നീക്കം ചെയ്യാനും ഗൂഗിള്‍ സെര്‍ച്ചിനു ശേഷം സെര്‍ച്ച് ഹിസ്റ്ററി പ്രൈവസിയുടെ ഭാഗമായി നീക്കം ചെയ്യുന്നതിനുമൊക്കെ ജംബോ ആപ്ലിക്കേഷന്‍ വഴി സാധിക്കും.
ഇപ്പോള്‍ മൈക്രോ സോഫ്റ്റിന്റെ ഭാഗമായുള്ള സണ്‍റൈസ് കലണ്ടറിന്റെ മുന്‍ സിഇഓ പിയര്‍ വലാഡേ ആണ് ജംബോ ആപ്പിന്റെ സ്രഷ്ടാവ്. ഉപയോക്താക്കളുടെ ഒരു തരത്തിലുള്ള വിവരങ്ങളും ആപ്പില്‍ ശേഖരിക്കപ്പെടില്ല എന്നാണ് വലാഡേ പറയുന്നത്. ഫോണിന്റെ ഡേറ്റ ശേഖരിക്കപ്പെടുന്നത് ഫോണുകളില്‍ തന്നെയാണ്. മാത്രമല്ല, പുറമെയുള്ള സെര്‍വറുകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെടുന്നുമില്ല.
എന്നാല്‍ ഫെയ്‌സ്ബുക്കും ഗൂഗിളും ഉപയോക്താക്കളുടെ ഡേറ്റയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ജംബോയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്നും ചോദ്യമുയരുന്നു. എന്നാല്‍ ജംബോ ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ പകരം സംവിധാനം കണ്ടെത്തുമെന്നും പിയര്‍ വലാഡേ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here