ശ്രീലങ്ക ബോംബാക്രമണം; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറി രാജി വെച്ചു

ശ്രീലങ്കയിൽ ഉണ്ടായ ബോംബാക്രമണത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ലങ്കൻ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജി വെച്ചു. പ്രതിരോധ സെക്രട്ടറിയെന്ന രീതിയില്‍ താൻ തലവനായിട്ടുള്ള കുറച്ചു സ്ഥാപനങ്ങളുടെ പരാജയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പോലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് രാജി. അതേ സമയം, സ്വന്തം നിലക്ക് യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണ് ഫെർണാൻഡോയുടെ നിലപാട്.
ഇന്റലിജൻസ് മുന്നറിയിപ്പു ലഭിച്ചിട്ടും മുൻകരുതലെടുക്കുന്നതിൽ പരാജയപ്പെട്ടതിനു സർക്കാർ മാപ്പു പറഞ്ഞതിനു പിന്നാലെയാണ് തലപ്പത്ത് അഴിച്ചു പണിക്കുള്ള നീക്കം ശക്തമാകുന്നത്. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും നടന്ന ചാവേറാക്രമണങ്ങളിൽ 359 പേരാണ് കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here