ജയലളിതയുടെ ദുരൂഹ മരണം; അന്വേഷണത്തിന് സ്റ്റേ

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച അറുമുഖ സ്വാമി കമ്മീഷന് എതിരെ അപ്പോളോ ആശുപത്രി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
അപ്പോളോ ആശുപത്രയിൽ ചികിത്സയിൽ ഇരിക്കെയാണ് ജയലളിത മരിച്ചത്. ആശുപത്രിയിലെ അവസാന ദിനങ്ങളെക്കുറിച്ച് സംശയകരമായ വാർത്തകൾ ഉയർന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അന്വേഷണ കമ്മിഷനെതിരെ അപ്പോളോ ആശുപത്രി നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി കമ്മീഷന് മുന്നോട്ട് പോകാമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി നടപടിക്കെതിരെയാണ് അപ്പോളോ ആശുപത്രി അധികൃതർ സുപ്രീംകോടതിയെ സമീപിച്ചത്.
തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് നൽകിയതെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ ആരോപണം. ജയലളിത ചികിത്സയിലിരിക്കെ തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷൻ ആരോപണം ഉന്നയിച്ചിരുന്നു. രാമ മോഹന റാവു തെറ്റായ തെളിവുകൾ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. കൂടാതെ ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിർത്തുവെന്നും അന്വേഷണ കമ്മീഷൻ ആരോപിച്ചിരുന്നു. 2017 ഡിസംബർ ആഞ്ചിനാണ് 75 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം ജയലളിത മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here