സ്ഫോടനത്തെ അതിജീവിച്ച നാഗമ്പടം മേൽപാലം പണിതത് താൻ കൂടി ഉൾപ്പെട്ട എഞ്ചിനീയർമാരെന്ന് മെട്രോ മാൻ ഇ ശ്രീധരൻ

നിയന്ത്രിത സ്ഫോടനത്തിലൂടെ രണ്ട് വട്ടം തകർക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട കോട്ടയം നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പണിതത് താൻ കൂടി ഉൾപ്പെട്ട എഞ്ചിനീയർമാരെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കോട്ടയം റെയില്‍വേയില്‍ താൻ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന സമയത്താണ് നാഗമ്പടം മേല്‍പാലം പണിതതെന്നാണ് ഇ ശ്രീധരൻ്റെ വെളിപ്പെടുത്തൽ.
1955 ലാണ് ഈ പാലം നിര്‍മ്മിച്ചത്. രണ്ടു തവണ ശ്രമിച്ചിട്ടും പാലം പൊളിക്കാന്‍ സാധിക്കാത്തത് പാലത്തിന്റെ കരുത്തിന്റെ ഉദാഹരണമാണ്. പാലം തകര്‍ക്കാനുള്ള സംവിധാനങ്ങള്‍ വിദേശരാജ്യങ്ങളിലുണ്ട്. അത്തരത്തിലുള്ള ഇവിടെയും പരീക്ഷിക്കാം. മള്‍ട്ടിപ്പിള്‍ ബ്ലാസ്റ്റിങ് ഉപയോഗിച്ചാല്‍ പാലം വേഗം പൊളിച്ചു നീക്കുന്നതിന് സാധിച്ചേക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
“വലിയ സ്ട്രക്ചർ അല്ലാത്തതിനാൽ പൊളിക്കൽ പ്രയാസമുള്ളതല്ല. മർമ്മ സ്ഥാനങ്ങളിലാണ് സ്ഫോടനം നടത്തേണ്ടത്. ഒറ്റയടിക്ക് കഷ്ണങ്ങളയി തകരും. സാങ്കേതിക പ്രശ്നങ്ങളാലാണ് വിജയിക്കാതിരുന്നത്. കോൺക്രീറ്റ് ആയതു കൊണ്ട് പൊളിച്ചെടുക്കൽ പ്രയാസമാണ്. സ്റ്റീൽ ആയിരുന്നെങ്കിൽ വേഗം പൊളിച്ചെടുക്കാമായിരുന്നു”- അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 2.30 നും വൈകീട്ട് അഞ്ച് മണിക്കുമായിരുന്നു പാലം പൊളിക്കാനുള്ള ശ്രമങ്ങൾ. ഇത് രണ്ടും പരാജയപ്പെട്ടതോടെ മേൽപ്പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. മേൽപ്പാലം പൊളിച്ചു മാറ്റാനുള്ള തുടർനടപടികളെപ്പറ്റി പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്ന് റെയിൽവേ അറിയിച്ചു. പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. 12 ട്രെയിനുകളാണ് റദ്ദാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here