Advertisement

20 ലക്ഷം പൂച്ചകളെ കൊന്നു കളയാനൊരുങ്ങി ഓസ്ട്രേലിയ

May 1, 2019
Google News 0 minutes Read

20 ലക്ഷം കാട്ടു പൂച്ചകളെ കൊന്നു കളയാൻ ഓസ്ട്രേലിയ ഒരുങ്ങുന്നു. 2020 ആകുമ്പോഴേയ്ക്കും 20 ലക്ഷം കാട്ടുപൂച്ചകളെയെങ്കിലും കൊന്നു കളയാനാണ് ഓസ്ട്രേലിയയുടെ തീരുമാനം. ഓസ്ട്രേലിയയിലെ ചില സംസ്ഥാനങ്ങള്‍ കാട്ടുപൂച്ചകളെ കൊന്നു തെളിവ് കൊണ്ടുവരുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു തോലിന് 10 ഡോളര്‍ എന്ന നിരക്കിലാണ് വേട്ടക്കാര്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനമായ ക്യൂന്‍സ്ലന്‍ഡ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ആകെ 30 മുതല്‍ 60 ലക്ഷം വരെ കാട്ടുപൂച്ചകള്‍ ഓസ്ട്രേലിയയില്‍ ഉണ്ടെന്നാണു കണക്കാക്കുന്നത്. മറ്റ് വന്‍കരകളുമായി ഒരു തരത്തിലും ബന്ധമില്ലാതെ കിടക്കുന്ന മേഖലയാണ് ഓസ്ട്രേലിയ. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയിലെ സസ്തനകളില്‍ 80 ശതമാനത്തെയും പക്ഷികളില്‍ 45 ശതമാനത്തെയും ലോകത്തു മറ്റെവിടെയും കാണനാകില്ല. ഈ സസ്തനികളില്‍ ഭൂരിഭാഗവും എലികളെ പോലുള്ള ചെറുജീവികളാണ്. ഇവയും നിരവധിയിനം പക്ഷികളും കാട്ടുപൂച്ചകളുടെ പ്രധാന ഇരകളായിരുന്നു. കാര്യമായ ശത്രുക്കളില്ലാതെ കാട്ടുപൂച്ചകള്‍ പെറ്റുപെരുകാന്‍ തുടങ്ങിയതോടെയാണ് ഓസ്ട്രേലിയയുടെ അമൂല്യമായ ജൈവവ്യവസ്ഥയ്ക്ക് ഇവ സാരമായ ഭീഷണിയായി മാറിയത്.

ഈ പൂച്ചകള്‍ ദിവസേന കൊല്ലുന്നത് ഏതാണ്ട് 14 ലക്ഷം പക്ഷികളെയാണ്. ഒപ്പം 17 ലക്ഷം ഇഴജന്തുക്കളെയും. ഓസ്ട്രേലിയയുടെ ഒദ്യോഗിക പാരിസ്ഥിതിക ഏജന്‍സിയുടെ കണക്കാണിത്. ഇവയെ കൂടാതെ മുയലുകള്‍ ഉള്‍പ്പടെയുള്ള സസ്തനികളും പൂച്ചകള്‍ മൂലം ദിവസേന കൊല്ലപ്പെടുന്നുണ്ട്. ഈ കണക്കുകളെല്ലാം ചൂണ്ടിക്കാണിച്ചാണ് ഓസ്ട്രേലിയുടെ പരിസ്ഥിതിവകുപ്പ് പൂച്ചകളെ കൂട്ടത്തോടെ കൊല്ലാനുള്ള പദ്ധതി വിശദീകരിക്കുന്നത്. പൂച്ചകള്‍ ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന ഈ നാശനഷ്ടങ്ങള്‍ തന്നെയാണ് ഇവയെ കൊല്ലാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നു പരിസ്ഥിതി വകുപ്പ് വക്താവ് ആന്‍ഡ്രൂസ് പറയുന്നു. അല്ലാതെ പൂച്ചകളോടുള്ള വെറുപ്പു മൂലമോ, പൂച്ചകളെ കൊല്ലുന്നത് മൂലമുള്ള സന്തോഷം കൊണ്ടോ അല്ലെന്നും ആന്‍ഡ്രൂസ് വ്യക്തമാക്കുന്നു.

കാട്ടുപൂച്ചകള്‍ ഓസ്ട്രേലിയയിലെ ജൈവവ്യവസ്ഥയിലുണ്ടാക്കിയ ആഘാതത്തിനു തെളിവാണ് ബുറോവിങ് ബെറ്റോങ്ങ് എന്ന ജീവി. ഒരു കാലത്ത് ഓസ്ട്രേലിയയുടെ എല്ലാ മേഖലയും കാണപ്പെട്ടിരുന്ന എലി വിഭാഗത്തില്‍പെട്ട ഈ ജീവി ഇന്ന് ഒറ്റപ്പെട്ട കംഗാരു ദ്വീപില്‍ മാത്രമാണുള്ളത്. മറ്റെല്ലാ മേഖലയിലും ഈ ജീവികള്‍ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു. ഇതിനു കാരണം കാട്ടുപൂച്ചകളുടെ വേട്ടയാണ്. ഇവയെ മാത്രമല്ല കാട്ടുപൂച്ചകള്‍ ഇതുവരെ ഓസ്ട്രേലിയയിലെ ഏതാണ്ട് 20 ഇനം ജീവികളുടെ വംശനാശത്തിനിടയാക്കിയെന്നാണു കരുതുന്നത്. ഏതാനും ചില പരിസ്ഥിതി സംഘടനകള്‍ അല്ലാതെ മറ്റാരും ഓസ്ട്രേലിയന്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടില്ല. പക്ഷെ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച പദ്ധതി ഇതുവരെ നടപ്പാക്കാനായിട്ടില്ല. 50 ലക്ഷം ഡോളറാണ് ഈ പദ്ധതിക്കു വേണ്ടി ഓസ്ട്രേലിയ മാറ്റി വച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here