ആറളം ഫാമിൽ വീണ്ടും കാട്ടാന ഭീഷണി; കഴിഞ്ഞ ദിവസമെത്തിയത് 14 കാട്ടാനകൾ

കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ഭീഷണി. കഴിഞ്ഞ ദിവസം 14 കാട്ടാനകളാണ് കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലെത്തിയത്. ആനകളെ തിരികെ കാടുകയറ്റിയെങ്കിലും ഭീതിയിലാണ് ഫാമിലെ ജനങ്ങൾ. ആറളം ഫാമിലെ രണ്ടാം ബ്ലോക്കിലാണ് കഴിഞ്ഞ ദിവസം 14 കാട്ടാനകൾ കൂട്ടമായെത്തിയത്. ജനവാസ കേന്ദ്രത്തിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടിലേക്ക് തുരത്തിയെങ്കിലും ഭീഷണി ഒഴിവായിട്ടില്ല.
Read Also; കോഴിക്കോട് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി(വീഡിയോ)
മേഖലയിൽ കാട്ടാനയിറങ്ങുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഫാമിലെ ആന മതിൽ കാട്ടാനക്കൂട്ടം നേരത്തേ തകർത്തിരുന്നു. കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്ന ഭാഗത്ത് നിന്ന് ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയാണ്.കാട്ടാന ശല്യം ഇവിടുത്തെ കശുവണ്ടി വിളവെടുപ്പിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്യൂരിറ്റി വിഭാഗം തൊഴിലാളികൾ കാവൽ നിന്നാണ് കശുവണ്ടി ശേഖരിക്കുന്നത്.
കായ്ഫലമുള്ള ആയിരത്തിലധികം തെങ്ങുകളാണ് കാട്ടാനകൾ നശിപ്പിച്ചത്. ഒരു വർഷംകൊണ്ട് 3 കോടി രൂപയുടെ വിളനഷ്ടമാണ് വന്യമൃഗങ്ങൾ ഫാമിനുണ്ടാക്കിയത്. ഫാമിൽ കാളികയം മുതൽ കക്കുവ വരെ 17 കിലോമീറ്ററിൽ കാട്ടാന പ്രതിരോധ സംവിധാനം ഒരുക്കാൻ പദ്ധതിയുണ്ട്. ഇതിനായി 3 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here