യാക്കോബായ സഭയിൽ തർക്കം രൂക്ഷം; കാതോലിക്ക ബാവ അനുകൂലികൾ പാത്രിയർക്കിസ് ബാവയ്ക്ക് കത്തയച്ചു

യാക്കോബായ സഭയില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. കാതോലിക്ക ബാവ അനുകൂലികള്‍ പാത്രിയാര്‍ക്കിസ് ബാവയ്ക്ക് കത്തയച്ചു. വൈദിക അല്‍മായ ട്രസ്റ്റിമാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. കാതോലിക്ക ബാവയെ ട്രസ്റ്റിമാര്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കാതോലിക്ക പക്ഷത്തിന്റെ ആരോപണം.
യാക്കോബായ സഭയിലെ ആഭ്യന്തര ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് തോമസ് പ്രഥമന്‍ ബാവയെ അനുകൂലികള്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചത്. തര്‍ക്കത്തെത്തുടര്‍ന്ന് സഭയുടെ ഭരണ നിര്‍വഹണച്ചുമതല തോമസ് പ്രഥമന്‍ ബാവ ഒഴിഞ്ഞിരുന്നു. ഇതോടെയാണ് സഭയിലെ വൈദിക, അല്‍മായ ട്രസ്റ്റിമാര്‍ക്കെതിരെ കാതോലിക്ക അനുകൂലികള്‍ കത്തയച്ചത്. വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലി, അല്‍മായ ട്രസ്റ്റി ഷാജി ചൂണ്ടയില്‍ എന്നിവര്‍ കാതോലിക്ക ബാവയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ആരോപണം. കാതോലിക്ക ബാവയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും കത്തില്‍ പറയുന്നു. ഇക്കാരണത്താലാണ് കാതോലിക്ക ബാവ രാജിവെച്ചത്. ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നും കത്ത് ആവശ്യപ്പെടുന്നു.
ഒന്‍പത് പേരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കന്നത്. മെത്രാന്‍മാരായ ഏലീയാസ് മാര്‍ അത്തനാസിയസ്, മാത്യൂസ് മാര്‍ അപ്രേം സഭാ സെക്രട്ടറി പീറ്റര്‍ കെ ഏലീയാസ് എന്നിവരടക്കമുള്ള വര്‍ക്കിങ് കമ്മിറ്റിയംഗങ്ങളാണ് സഭയുടെ ആഗോള അധ്യക്ഷന് അയച്ച കത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. എന്നാല്‍ സഭാ ഭരണത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ മറു വിഭാഗം ഉറച്ച് നില്‍ക്കുകയാണ്. തമ്പൂ ജോര്‍ജ് തുകലന്റെയും ഫാദര്‍ ഷാനു പൗലോസിന്റെയും നേതൃത്വത്തിലുള്ള സംഘം സമാന്തര ഭരണമാണ് നടത്തുന്നത്. ചില മെത്രാപ്പോലീത്തമാര്‍ ഇതിന് ഒത്താശ ചെയ്യുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here