തെരഞ്ഞെടുപ്പിനിടെ അക്രമം; ആന്ധ്രയിൽ അഞ്ച് ബൂത്തുകളിൽ റീ പോളിങ് നടത്തും

ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളിൽ റീ പോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ ബൂത്തുകളിലാണ് റീ പോളിങ് നടക്കുക. മെയ് ആറിനാണ് റീപോളിങ്. ഏപ്രിൽ 11 ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇവിടെ അക്രമസംഭവങ്ങളും വോട്ടിങ് മെഷീനിലെ തകരാറുകളും വോട്ടെടുപ്പിനെ പ്രതികൂലമായി ബാധിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റീ പോളിങ് നടത്താനുള്ള തീരുമാനം.
സംഘർഷങ്ങളും വോട്ടിങ് മെഷീന്റെ തകരാറുകളും സ്വതന്ത്രമായ വോട്ടിങിന് തടസമായെന്ന് ജില്ലാ കളക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകരും റിട്ടേണിങ് ഓഫീസർമാരും നൽകിയ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആന്ധ്രയിൽ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ഏപ്രിൽ 11 ന് തെരഞ്ഞെടുപ്പ് നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here