പാലാരിവട്ടം മേൽപാലം അറ്റകുറ്റപണികൾക്കായി അടച്ചു

കൊച്ചി പാലാരിവട്ടം മേൽപാലം അറ്റകുറ്റപണികൾക്കായി അടച്ചു. ഒരു മാസത്തിനുള്ളിൽ പണിതീർത്ത് പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ തീരുമാനം. പാലം പണി തീർന്ന് മൂന്ന് വർഷം പൂർത്തിയാകുന്നതിന് മുമ്പാണ് അറ്റകുറ്റപണികൾക്കായി അടച്ചിടേണ്ടി വന്നത്. ഇതോടെ ഇടപ്പള്ളി ബൈപ്പാസിലെ ഗതാഗത കുരുക്ക് രൂക്ഷമായി.
2016 ഒക്ടോബറിലാണ് പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. മൂന്ന് വർഷം തികയും മുമ്പേ മേൽപ്പാലത്തിലെ സ്ലാബുകളിൽ വിള്ളൽ കണ്ടെത്തിയതും പാലത്തിലെ ടാറിളകി റോഡ് തകർന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് ഗതാഗതം താൽക്കാലികമായി നിർത്തിവച്ച് അറ്റകുറ്റ പണികൾക്കായി മേൽപ്പാലം അടച്ചിടേണ്ടി വന്നത്. കുണ്ടന്നൂർ വൈറ്റില മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാൽ മണിക്കൂറുകളാണ് ഈ ഭാഗങ്ങളിൽ ഗതാഗതം തടസ്സമാകുന്നത്. പാലാരിവട്ടം മേൽപ്പാലം കൂടി അടച്ചതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് ദേശീയപാത 66 ൽ ഇടപ്പള്ളി മുതൽ കുണ്ടന്നൂർ വരെ അനുഭവപ്പെടുന്നത്. ഇടറോഡുകളിലും സ്ഥിതി ഇതുതന്നെയാണ്.
റോഡിലെ ടാറിളകിയതും കുഴികളും മാത്രമല്ല മേൽപ്പാലത്തെ അപകടാവസ്ഥയിലാക്കുന്ന വിള്ളലുകൾക്കും പരിഹാരം കാണേണ്ടതുണ്ട്. 52 കോടി ചിലവഴിച്ച പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് ഗുജറാത്ത് കമ്പനിയായ ആർഡിഎസ് കൺസ്ട്രക്ഷൻസാണ്. ഈ കമ്പനിക്ക് തന്നെയാണ് അറ്റകുറ്റപണികളുടെയും ചുമതല. ഒരു മാസത്തിനുള്ളിൽ പണിതീർത്ത് ജൂൺ ഒന്നിന് പാലം ഗതാഗതത്തിനായി തുറന്ന് നൽകാനാണ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here