പിലാത്തറയിലെ കള്ളവോട്ട്; മൂന്ന് സ്ത്രീകൾക്കെതിരെ കേസ്

കണ്ണൂർ പിലാത്തറയിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ മൂന്ന് സ്ത്രീകൾക്കെതിരെ കേസെടുത്തു. ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുൻ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവർക്കെതിരെയാണ് പരിയാരം പോലീസ് ക്രിമിനൽ കേസെടുത്തത്.
ആള്‍മാറാട്ടം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തത്. ഇവരെ പിന്നീട് വിശദമായി ചോദ്യം ചെയ്യും. സിപിഎം പഞ്ചായത്തു അംഗമായ സലീനയെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു.
Read Also : കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നു; ദൃശ്യങ്ങൾ പുറത്ത്
കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂർ കല്യാശേരിയിലെ പിലാത്തറയിലെ 19 ആം നമ്പർ ബൂത്തിൽ കള്ളവോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കാസർഗോഡ് കണ്ണൂർ കളക്ടർമരോട് റിപ്പോർട്ട് തേടിയത്. കണ്ണൂർ കളക്ടർ നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ 19 ആം നമ്പർ ബൂത്തായ പിലാത്തറ എയുപി സ്‌കൂളിൽ 3 കള്ളവോട്ടുകൾ നടന്നതായി സ്ഥിരീകരിച്ചിരുന്നു.
19 ആം നമ്പർ ബൂത്തിലെ വോട്ടറായ പത്മിനി രണ്ട് വട്ടം വോട്ട് ചെയ്തു. പഞ്ചായത്തംഗം സെലീനയുടെ വോട്ട് 17ാം നമ്പർ ബൂത്തിൽ. എന്നാൽ സെലീന 19ൽ വോട്ട് ചെയ്തു.24-ആം നമ്പർ ബൂത്തിലെ വോട്ടറായ മുൻ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സുമയ്യ പോളിംഗ് റിലീവിംഗ് ഏജന്റ് ആയാണ് 19 അം നമ്പർ ബൂത്തിൽ എത്തുന്നത്. എന്നാൽ സുമയ്യയും ഇവിടെ വോട്ട് ചെയ്തതായി സ്ഥിരീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here