ഷഹദൂളിലെ വിവാദ പരാമർശം; രാഹുൽഗാന്ധി 48 മണിക്കൂറിനകം വിശദികരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മധ്യപ്രദേശിലെ ഷഹദൂളിലെ വിവാദ പരാമർശം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വനവാസികളെ വെടിവച്ച് കൊല്ലാൻ നിയമം ഉണ്ടെന്ന് സൂചിപ്പിക്കും വിധം നടത്തിയ പരാമർശത്തിലാണ് നടപടി.
എന്നാൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിച്ചുവെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. അതേസമയം പെരുമാറ്റ ചട്ട ലംഘനത്തിൽ പ്രധാനമന്ത്രിക്കും ബിജെപി അദ്ധ്യക്ഷനും എതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കുന്നില്ലെന്ന പരാതി സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും.
മധ്യപ്രദേശിലെ ഷഹദൂളിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്യുമ്പോഴാണ് നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ഒരു പുതിയ നിയമത്തെ കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ പരാമർശിച്ചത്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് വനവാസികളെ വെടിവച്ച് കൊല്ലാൻ പോലും സാധിക്കും എന്ന് ധ്വനിപ്പിക്കുന്നതായിരുന്നു പ്രസ്താവന.
രാഹുൽ ഗാന്ധിയുടെ പ്രസംഗം വസ്തുതാ വിരുദ്ധവും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും ആണെന്ന് തുടർന്ന് ബിജെപി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. 48 മണിക്കൂറിനകം വിശദീകരണം നൽകാൻ നിർദ്ദേശിച്ച കമ്മീഷൻ രാഹുൽ ഗാന്ധിക്ക് ദൂതൻ മുഖേന ഇന്നലെ നോട്ടിസ് നൽകി.
അതേസമയം സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിച്ചുവെന്ന കോൺഗ്രസ് പരാതിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി . മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഏപ്രിൽ ഒൻപതിന് പ്രസംഗത്തിൽ മോദി പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയാണ് കോൺഗ്രസ് പരാതി തള്ളിയത്. കന്നി വോട്ടർമാർ അവരുടെ വോട്ട് പുൽവാമയിൽ വീരമൃത്യു വരിക്കുകയും ബാലാകോട്ട് വ്യോമാക്രമണം നടത്തുകയും ചെയ്ത ധീര സൈനികർക്കു സമർപ്പിക്കണമെന്നായിരുന്നു മോദിയുടെ പരാമർശം. മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിക്കു ക്ലീൻ ചിറ്റ് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here