യുപിഎ കാലത്തും സർജിക്കൽ സ്ട്രൈക്കുകൾ നടന്നിട്ടുണ്ടെന്ന് മൻമോഹൻ സിങ്

യുപിഎ ഭരണകാലത്തും സർജിക്കൽ സ്ട്രൈക്കുകൾ നടന്നിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. തങ്ങളുടെ ഭരണകാലത്തു നടത്തിയ സർജിക്കൽ സ്ട്രൈക്കുകളെപ്പറ്റി പറഞ്ഞ് വോട്ട് തേടാൻ ശ്രമിക്കുന്ന എൻഡിഎ സർക്കാരിൻ്റെ നയം അപലപനീയവും ലജ്ജാവഹവുമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
“ഞങ്ങളുടെ കാലത്തും കുറേയധികം സർജിക്കൽ സ്ട്രൈക്കുകൾ സംഭവിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സൈനിക നീക്കങ്ങൾ ഇന്ത്യാ വിരുദ്ധ ശക്തികൾക്ക് മറുപടി കൊടുക്കാനും പ്രതിരോധ തന്ത്രങ്ങൾക്കുമായിരുന്നു. അതു പറഞ്ഞ വോട്ടു ചോദിക്കാനായിരുന്നില്ല”- മൻമോഹൻ സിങ് പറഞ്ഞു.
നമ്മുടെ സൈന്യത്തിൻ്റെ ധൈര്യത്തിനു പിന്നിൽ ഒളിച്ചിരിക്കേണ്ട അവസ്ഥ കഴിഞ്ഞ എഴുപത് വർഷത്തിനിടയിൽ ഒരു സർക്കാരിനും വന്നിട്ടില്ല. നമ്മുടെ സൈന്യത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അപലപനീയവും ലജ്ജാവഹവുമാണ്. ഇതൊക്കെ മോദി സർക്കാരിനു കീഴിൽ സംഭവിച്ച ഭരണ പരാജയങ്ങളെ മറയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here